കോഴിക്കോട്: കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചോരക്കുഞ്ഞുങ്ങളെ മാറിപ്പോയതും ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചുകിട്ടിയതും തുടര്‍ന്നുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളും ആവിഷ്കരിക്കുന്ന ചിത്രം ‘കനി’ പ്രേക്ഷകരിലേക്ക്. ഇന്ന് വൈകുന്നേരം കാലിക്കട്ട് പ്രസ് ക്ലബ്ബില്‍ ചിത്രത്തിന്റെ യൂ ട്യൂബ് റിലീസ് നടക്കും.
നടിയും ആക്ടിവിസ്റ്റുമായ പാര്‍വതി, എഴുത്തുകാരി ഇന്ദു മേനോന് തുടങ്ങിയവര്‍ പങ്കെടുക്കും.എഴുത്തുകാരി ഡോ. ശ്രീകല മുല്ലശ്ശേരി കഥയെഴുതി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് മാധ്യമ പ്രവര്‍ത്തകനായ ഷൈബിന് ഷഹാനയാണ്.കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഭീഷണിയും ഉണ്ടായിരുന്നു. തങ്ങളുടെ ആശുപത്രിക്ക് പറ്റിയ പിഴവ് കൂടുതല്‍ ചര്‍ച്ചയാവാതിരിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവർ പറയുന്നു. അരണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ നിര്‍മ്മല്‍ പാലാഴി പതിവ് തമാശ വേഷങ്ങള്‍ വിട്ട് ഗൗരവക്കാരനാവുന്നു.
കേരളത്തെ പൊട്ടിച്ചിരിപ്പിച്ച ”ഇങ്ങളിതെന്താണ് ബാവ്വേട്ടാ ‘ ഡയലോഗിലൂടെ ശ്രദ്ധേയനായ നിര്‍മ്മലിന്റെ തികച്ചും വേറിട്ട വേഷമാണിതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. പാര്‍വതി ആര്. കൃഷ്ണ, അമല റോസ് കുര്യന്, രമാ നാരായണന്, സുലോചന, സാദിഖ്, ഫൈസല്‍ തുടങ്ങിയവരും വേഷമിടുന്നു. സംവിധായകന്റെ വരികള്‍ക്ക് മിഥുന് ഈശ്വര്‍ സംഗീതം നല്കുന്നു.