കൊച്ചി: കണിച്ചുകുളങ്ങര കൊലപാതകക്കേസിൽ ഹിമാലയ ചിറ്റ്സ് ഗ്രൂപ്പ് ഉടമ കെ.എം. ബിനീഷ് ഉൾപ്പെടെ അഞ്ച് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. കേസിലെ ഏഴാം പ്രതിയായ ബിനീഷിനു പുറമെ നാലാം പ്രതി ഷിബി, അഞ്ചാം പ്രതി ഉണ്ണികൃഷ്ണൻ, എട്ടാം പ്രതി ഗോകുലൻ, 12-ാം പ്രതി ഷിബിൻ രാജ് എന്നിവരെയാണു ഡിവിഷൻ ബെഞ്ച് വെറുതേവിട്ടത്.
ഒന്നാം പ്രതിയും ലോറി ഡ്രൈവറുമായ ഉണ്ണിയുടെ വധശിക്ഷ ഡിവിഷൻ ബെഞ്ച് ജീവപര്യന്തം തടവുശിക്ഷയായി കുറച്ചു. വാടകകൊലയാളിയായ ഇയാൾ സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നും എവറസ്റ്റ് ചിറ്റ്സ് ഉടമ രമേശിനൊപ്പം മറ്റ് രണ്ടുപേരെക്കൂടി വകവരുത്തിയെന്നും ഹൈക്കോടതി വിലയിരുത്തി. ഇയാൾക്ക് 25 വർഷം കഴിയാതെ ശിക്ഷായിളവ് നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് അറസ്റ്റിലായ ഉണ്ണിക്ക് ഇതുവരെ പരോൾ ലഭിച്ചിട്ടില്ല.
ആറാം പ്രതിയും ഹിമാലയ ഗ്രൂപ്പ് ഉടമയുമായ സജിത്തിന്റെ ജീവപര്യന്തം ശിക്ഷ ശരിവച്ച ഡിവിഷൻ ബെഞ്ച് ഇയാൾക്കും 25 വർഷം കഴിയാതെ ശിക്ഷായിളവ് നൽകരുതെന്നു നിർദേശിച്ചു. രണ്ടാം പ്രതി അജിത് കുമാർ, മൂന്നാം പ്രതി മൃഗം സാജു എന്നിവരുടെ ശിക്ഷ ശരിവച്ചു.
2005 ജൂലൈ 20-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. എവറസ്റ്റ് ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ രമേശ്, സഹോദരി ലത, ഇവരുടെ കാറിന്റെ ഡ്രൈവർ ഷംസുദ്ദീൻ എന്നിവരെ ഹിമാലയ ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമകളായ സജിത്, ബിനീഷ് തുടങ്ങിയ പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ഹിമാലയ ഗ്രൂപ്പിന്റെ ജനറൽ മാനേജർ സ്ഥാനം രാജിവച്ച് രമേശ് എവറസ്റ്റ് ചിറ്റ്സ് എന്ന സ്ഥാപനം തുടങ്ങിയതിലുള്ള വൈരാഗ്യമായിരുന്നു കൊലപാതകത്തിനു കാരണമെന്നായിരുന്നു പോലീസ് കണ്ടെത്തൽ.