ചേർത്തല: കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ പോലീസുകാർ ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്. കോണ്ഗ്രസ് അനുഭാവത്തിലായിരുന്ന ബാങ്ക് എൽഡിഎഫ് ഭരണം പിടിച്ചെടുത്തതോടെ സംഘർഷമുണ്ടാകുകയായിരുന്നു. ഇരുചേരിയിലുമായി പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തിവീശി. തുടർന്നുണ്ടായ കല്ലേറിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു.
ചേർത്തല സ്റ്റേഷനിലെ സിപിഒ എസ്.വിഷ്ണു, മാരാരിക്കുളം സ്റ്റേഷനിലെ എ.അജിത് എന്നിവർക്കാണ് പരിക്കേറ്റത്.
ബാങ്ക് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്ന ഓഡിറ്റോറിയത്തിനുമുന്നിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഫലപ്രഖ്യാപനത്തെത്തുടർന്ന് ഇരുവിഭാഗവുമായുണ്ടായ വാക്കുതർക്കം ഏറ്റുമുട്ടലാവുകയായിരുന്നു. തുടർന്ന് പോലീസ് ലാത്തിവീശിയതോടെയാണ് കല്ലേറുണ്ടായത്.
സംഭവസ്ഥലത്തുനിന്ന് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാശിയേറിയ ഭരണസമിതി തിരഞ്ഞെടുപ്പിനൊടുവിൽ 11 അംഗങ്ങളിൽ എട്ടു പേർ എൽഡിഎഫ് പാനലിലുള്ളവർ വിജയിച്ചു. എൽഡിഎഫ് പാനലിൽ വിജയിച്ചവരിൽ അഞ്ചു പേർ സിപിഎമ്മും, മൂന്നുപേർ സിപിഐയുമാണ്. പുതിയ പ്രസിഡന്റിനെ പിന്നീടു തിരഞ്ഞെടുക്കും.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ എസ്.കുറുപ്പ്, സിപിഎം കണിച്ചുകുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി സജിമോൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം.ഡി അനിൽകുമാർ, വി.ആർ ദിനേശ്, ടി.എസ് സുഖലാൽ, ആശ ജയലാൽ, ടി.ആർ ഷൈലജ, ആർ.റൂബി എന്നിവരാണ് എൽഡിഎഫ് പാനലിൽ വിജയച്ചത്.
നിലവിലുള്ള പ്രസിഡന്റ് വി.എം പ്രതാപൻ വെളളാപ്പളളി, ഭരണസമിതി അംഗങ്ങളായ വി.കെ മോഹൻദാസ്, കമല വാസു എന്നിവരും വിജയിച്ചു. നിലവിലുള്ള ഭരണസമിതി സഹകരണ ജനാധിപത്യ മുന്നണി എന്ന പാനലിലാണ് മത്സരിച്ചത്. ഈ പാനലിൽ ഉണ്ടായിരുന്ന കോണ്ഗ്രസ്, ബിജെപി പ്രവർത്തകർ തോറ്റു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കനത്ത പോലീസ് കാവലിലാണു തിരഞ്ഞെടുപ്പ് നടന്നത്.