അന്യഭാഷയില്‍ നിന്നെത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ നായികയാണ് കനിഹ. ഭാഗ്യദേവത, പഴശിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. തമിഴ്നാട്ടുകാരിയാണെങ്കിലും കനിഹയ്ക്ക് ഏറ്റവും മികച്ച അവസരങ്ങള്‍ ലഭിച്ചത് മലയാളത്തിലാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം ഉള്‍പ്പെടെയുള്ള താരങ്ങളുടെ നായികയാവാന്‍ കനിഹയ്ക്ക് കഴിഞ്ഞു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും സാന്നിധ്യമറിയിക്കാന്‍ കനിഹയ്ക്കായി.
സോഷ്യല്‍ മീഡിയയിലും സജീവമാണ് കനിഹ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണവും ബോഡി ഷെയ്മിംഗും കനിഹയ്ക്ക് നിരന്തരം നേരിടേണ്ടി വരാറുണ്ട്. മോശം കമന്റുകള്‍ക്ക് അടുത്തയിടെ കനിഹ ഒരഭിമുഖത്തിൽ മറുപടി നല്‍കിയിരുന്നു. മോശം കമന്റുകള്‍ നമ്മെ ബാധിക്കും.
ആത്മവിശ്വാസത്തെ തകര്‍ക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരം ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഹോര്‍മോണും പ്രെഗ്നന്‍സിയുമൊക്കെയായി. ആര്‍ത്തവത്തിന് മുമ്പ് ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. തന്റെ ശരീരത്തിലെ മാറ്റങ്ങളില്‍ സ്ത്രീയ്ക്ക് നിയന്ത്രണം കാണില്ല. അതിനാല്‍ അപ്പിയറന്‍സിനെപ്പറ്റി തന്നെ കമന്റ് ചെയ്തു കൊണ്ടിരുന്നാല്‍ അത് വേദനിക്കും. അവളെ അവളായിരിക്കാന്‍ വിടുക.
മോശം കമന്റുകള്‍ നേരത്തെ ഡിലീറ്റ് ചെയ്യുമായിരുന്നു. പിന്നെ തൊലിക്ക് കട്ടി വച്ചു. ഒരു ഘട്ടം കഴിഞ്ഞതോടെ എന്നെ ബാധിക്കാതായി. കൂടുതലും വൃത്തികെട്ട കമന്റുകളാണ്. ശരീരഭാഗങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. തുടക്കത്തില്‍ വല്ലാതെ വേദനിച്ചിരുന്നു. എന്തിനാണ് ആളുകള്‍ ഇങ്ങനെ പറയുന്നത് എന്ന് ചിന്തിച്ചിരുന്നു. നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്കുള്ളതൊക്കെ തന്നെയല്ലേ എനിക്കുമുള്ളത്! പക്ഷേ, ഇപ്പോള്‍ അതെല്ലാം അവഗണിക്കാന്‍ പഠിച്ചു. സ്ത്രീയെന്ന നിലയിലും നടി എന്ന നിലയിലും വല്ലാതെ ബാധിച്ചിരുന്നു. എന്നാലിന്ന് അതിനോടൊക്കെ യൂസ്ഡ് ആയി.
ഒരു സ്ത്രീ, നടി എന്ന നിലയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ എന്തുതരം കമന്റുകളായിരിക്കും വരിക എന്നെനിക്ക് ബോധ്യമുണ്ട്. അതിനെയൊക്കെ നോക്കി ജീവിക്കുന്നതില്‍ അർഥമില്ല. എനിക്കൊരു കംഫര്‍ട്ട് സോണുണ്ട്. ഞാനായിട്ട് ഉണ്ടാക്കിയെടുത്തതാണ്. എന്റെ കുടുംബവും ഭര്‍ത്താവും പ്രിയപ്പെട്ടവരും അത് അംഗീകരിക്കുന്നവരാണ്. മറ്റെന്തിലും ഉപരിയായി ഞാന്‍ അതില്‍ കംഫര്‍ട്ടബിളാണ്, ആത്മവിശ്വാസമുണ്ട്. അതിനാലാണ് പോസ്റ്റ് ചെയ്യുന്നതെന്നും കനിഹ പറയുന്നു.