ലക്നോ: ബോളിവുഡ് ഗായിക കനിക കപൂറിന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ പരിശോധനാ ഫലം പോസിറ്റീവാണെന്ന് ഗായിക തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
41 വയസുകാരിയായ കനികയെ ലക്നോവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ നാലു ദിവസമായി തനിക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇതേത്തുടർന്നു നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.
താനും കുടുംബവും സ്വയം ക്വാറന്റൈനിൽ കഴിയുകയാണ്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങളും ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും കനിക ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞാഴ്ചയാണ് കനിക ലണ്ടനിൽ നിന്ന് ലക്നോവിൽ തിരിച്ചെത്തിയത്. എന്നാൽ തന്റെ യാത്രവിവരങ്ങൾ വെളിപ്പെടുത്താൻ താരം തയാറായിരുന്നില്ല.
ലക്നോവിൽ തിരിച്ചെത്തിയ ഗായിക സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊത്തം ഫൈവ് സ്റ്റാർ ഹോട്ടലിൽ പാർട്ടി നടത്തിയതായാണ് വിവരം. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടക്കമുള്ളവർ ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു.
ലക്നോവിൽ മൂന്നു പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് പിതാവ് രാജീവ് കപൂർ പറഞ്ഞു. എന്നാൽ മകളെ കുറ്റപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
വിമാനത്താവളത്തിലെ പരിശോധനകൾക്ക് ശേഷമാണ് മകൾ വന്നത്. അന്ന് രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ഗായികയുടെ യാത്രാ ചരിത്രവും സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ വിവരങ്ങളും ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
ഉത്തർപ്രദേശിൽ കനിക ഉൾപ്പെടെ നാലു പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ യുപിയിൽ രോഗബാധിതരുടെ എണ്ണം ഒമ്പതായി ഉയർന്നു.