ലക്നോ: കോവിഡ് 19 വൈറസ് രോഗബാധിതയായ ബോളിവുഡ് ഗായിക കനിക കപൂറിനെതിരേ കേസ്. ലക്നോ പോലീസാണ് ഇവർക്കെതിരേ കേസെടുത്തത്.
കൊറോണ വൈറസ് സംശയത്തെ തുടർന്ന് ഐസൊലേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചിട്ടും അതിനു തയാറാകാതെ പൊതുസ്ഥലത്ത് മറ്റുള്ളവരുമായി ഇടപെട്ടതിനാണു കേസ്.
പോലീസ് പറയുന്നതനുസരിച്ച് കനികയ്ക്ക് ബ്രിട്ടനിൽനിന്ന് എത്തിയപ്പോൾ തന്നെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞാഴ്ചയാണ് കനിക ലണ്ടനിൽനിന്നു ലക്നോവിൽ തിരിച്ചെത്തിയത്.
കൊറോണ പരിശോധനാ ഫലം പോസിറ്റീവാണെന്നു ഗായിക തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. 41 കാരിയായ കനികയെ ലക്നോവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിലക്ഷണത്തെത്തുടർന്നു നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.
ലണ്ടനിൽനിന്നു മടങ്ങിവന്നെങ്കിലും ഇവർ യാത്രാവിവരം വെളിപ്പെടുത്തിയില്ല. മാത്രമല്ല സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ഫൈവ് സ്റ്റാർ ഹോട്ടലിൽ പാർട്ടി നടത്തി.
ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടക്കമുള്ളവർ ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു. കനികയുടെ പിതാവിനും വൈറസ് സ്ഥിരീകരിച്ചു.
കനിക കപുർ നടത്തിയ പാർട്ടിയിൽ പങ്കെടുത്ത ബിജെപി എംപി ദുഷ്യന്ത് സിംഗ് ലോക്സഭയിൽ എത്തിയിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജസ്ഥാനിൽനിന്നുള്ള എംപിമാർക്ക് നൽകിയ വിരുന്നിലും കേന്ദ്ര മന്ത്രിമാർക്കൊപ്പം ദുഷ്യന്ത് സിംഗ് പങ്കെടുത്തു.
രാഷ്ട്രപതി എല്ലാ പരിപാടികളും റദ്ദാക്കി. ദുഷ്യന്ത് സിംഗും അമ്മയും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യയും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.
രാജ്യസഭയിൽ ദുഷ്യന്ത് സിംഗിന്റെ അടുത്തിരുന്നു സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ഏറെ നേരം സമയം ചെലവഴിച്ച തൃണമൂൽ കോണ്ഗ്രസ് എംപി ഡെറിക് ഒബ്രിയനും നിരീക്ഷണത്തിലേക്കു മാറി.
ദുഷ്യന്ത് സിംഗ് ബിജെപി ലോക്സഭ എംപി വരുണ് ഗാന്ധിയുമായി ഇടപഴകിയിരുന്നു.
ദീപേന്ദർ ഹൂഡ, അനുപ്രിയ പട്ടേൽ, ജിതിൻ പ്രസാദ തുടങ്ങിയവരും നിരീക്ഷണത്തിലാണ്. ലക്നൗവിലെ പാർട്ടിയിൽ പങ്കെടുത്ത ശേഷം ദുഷ്യന്ത് സിങ് കണ്ടുമുട്ടിയ എല്ലാവരെയും ആരോഗ്യ വകുപ്പ് നിരീക്ഷിച്ചുവരികയാണ്.
ഞായറാഴ്ച ലക്നൗവിൽ നടന്ന പാർട്ടിയെ സംബന്ധിച്ചു 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ടു സമർപ്പിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്.