തിരുവനന്തപുരം: പമ്പയിൽ സ്പെഷൽ ഓഫീസറായിരുന്ന ജെ.വി.ബാബുവിനെ തിരുവതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. കാണിക്കയിൽ നിന്ന് പണം അപഹരിച്ചുവെന്ന പരാതിയെ തുടർന്നാണ് ബോർഡിന്റെ നടപടി. പരാതി സംബന്ധിച്ച് വിശദമായി അന്വേഷണം നടത്താനും യോഗത്തിൽ ധാരണയായി.
മണ്ഡലകാല ഉത്സവത്തിന്റെ ഭാഗമായി ഉള്ളൂർ ഗ്രൂപ്പിലെ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ജെ.വി.ബാബുവിനെ സ്പെഷ്യൽ ഓഫീസറായി പമ്പയിൽ നിയോഗിച്ചിരുന്നു. ഓപ്പൺ കാണിക്കയിൽ നിന്ന് പണം മോഷ്ടിച്ചുവെന്ന ആരോപണത്തെ തുടർന്ന് ബാബുവിനെ നിയമിച്ച ഉത്തരവ് പിന്നീട് ബോർഡ് റദ്ദാക്കിയിരുന്നു.
ജെ.വി.ബാബുവിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കാൻ പത്തനംതിട്ട എസ്.പിയോട് ആവശ്യപ്പെടാൻ തീരുമാനിച്ചതായി ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു അറിയിച്ചു.