കോട്ടയം: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം നിത്യ സംഭവമാകുന്പോഴും ഇരുട്ടിൽ തപ്പി പോലീസ്.
ജില്ലയിൽ വിവിധ ഇടങ്ങളിലെ പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചുള്ള ചെറുതും വലുതുമായ മോഷണങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിടനാട് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് അവസാന മോഷണം നടന്നിരിക്കുന്നത്.
തിടനാട് മഹാക്ഷേത്രം, വട്ടക്കാവ് ദേവീക്ഷേത്രം, മാളികപ്പുറം ക്ഷേത്രം, എസ്എൻഡിപി ഗുരുമന്ദിരം എന്നിവിടങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. പുലർച്ചെ ഗുരുമന്ദിരത്തിൽ എത്തിയവരാണ് മോഷണം നടന്നതായി അറിഞ്ഞത്.
തുടർന്ന് ശാഖാ ഭാരവാഹികളുടെ പരാതിയിൽ തിടനാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് മറ്റു ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികളിലും മോഷണം നടന്നത് അറിയുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ആറിടത്താണ് ഇത്തരത്തിൽ മോഷണം റിപോർട്ട് ചെയ്തിരിക്കുന്നത്.
ഫെബ്രുവരി 23ന് രാത്രിയിൽ വൈക്കം ചെന്പ് മുസ്ലിം പള്ളിയിലെ നേർച്ചക്കുറ്റിയാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്.
ഫെബ്രുവരി 20 ന് ചങ്ങനാശേരി വാഴപ്പള്ളി പടിഞ്ഞാറ് ഗുരുകുലം എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയനിലെ 5229-ാം നന്പർ ശാഖയിൽ കാണിക്കവഞ്ചികളും ഓഫീസും കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു.
കുമരകം പള്ളിച്ചിറയിലും ജെട്ടിയിലുമുള്ള ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് മോഷണം നടന്ന് ഒരു വാരം പിന്നിടുന്പോഴും പ്രതികളെ പിടികൂടാൻ പോലീസിനു കഴിഞ്ഞട്ടില്ല.
മോഷണം പോയ കാണിക്കവഞ്ചി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കുമരകം: കഴിഞ്ഞ ദിവസം കുമരകം പള്ളിച്ചിറയിലെ 38 -ാം നന്പർ ഗുരു ക്ഷേത്രത്തിൽനിന്നും മോഷണം പോയ കാണിക്കവഞ്ചി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ചെങ്ങളം ഉസ്മാൻ കവലക്കു സമീപം കുമരകം റോഡ് അരികിലുള്ള ശ്രീനാരായണ പ്രാർഥനാലായത്തിന്റെ പരിസരത്തുനിന്നാണ് കാണിക്കവഞ്ചി കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കുമരകം പോലീസ് സ്ഥലത്തെത്തി തൊണ്ടിമുതലായ കാണിക്കവഞ്ചി കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രി 8.30നായിരുന്നു കാണിക്കവഞ്ചി കണ്ടെത്തി വിവരം പോലീസിനെ നാട്ടുകാർ അറിയിച്ചത്. സ്റ്റീൽ നിർമിത കാണിക്ക വഞ്ചിയുടെ മുകൾ ഭാഗം സംഭവ ദിവസം പള്ളിച്ചിറയിൽ നിന്നും കണ്ടെത്തിയിരുന്നു.