ചെങ്ങന്നൂർ: ക്ഷേത്രശ്രീകോവിലിനോട് ചേർന്ന കാണിക്കവഞ്ചികൾ തകർത്ത് മോഷണം. മണിക്കൂറുകൾക്കുള്ളിൽ പ്രതി പോലീസിന്റെ പിടിയിലായി.മുളക്കുഴ പഞ്ചായത്തിലെ അരീക്കര പനംതിട്ട അഞ്ചുമലനട കിരാതൻകാവ് ക്ഷേത്രത്തിലെ രണ്ടു കാണിക്കവഞ്ചികൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
സംഭവത്തിൽ പ്രതിയായ ക്ഷേത്രത്തിന്റെ സമീപവാസി കൂടിയായ അരീക്കര മംഗലത്ത് വീട്ടിൽ രഞ്ജിത്ത് (മൂന്ന-39) ആണ് ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായത്.
ഇന്നലെ പുലർച്ചെ ക്ഷേത്രം തുറക്കാൻ എത്തിയ ശാന്തിയാണ് മോഷണം നടന്നവിവരം ആദ്യം അറിയുന്നത്. കുത്തിത്തുറന്ന് പണം അപഹരിച്ചശേഷം ഒരുവഞ്ചി ക്ഷേത്രത്തിനു പുറത്ത് ഉപേക്ഷിച്ച നിലയിലും ശ്രീകോവിലിനു സമീപമുള്ളത് മലർത്തിയിട്ട നിലയിലുമായിരുന്നു. അയ്യായിരത്തിലേറെ രൂപയുടെ കവർച്ച നടന്നതായി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി രതീഷ് പറഞ്ഞു.
എല്ലാ മാസവും ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ കാണിക്കവഞ്ചി തുറന്നു പണം എടുക്കാറുള്ളതാണ്. അതിനാൽ ഡിസംബർ- ജനുവരി മാസത്തെ കാണിക്കയാണ് അപഹരിച്ചത്. മുൻപും ക്ഷേത്രത്തിൽ സമാനമായമോഷണം നടന്നിരുന്നു. എന്നാൽ, പ്രതിയെ പിടികൂടുന്നത് ആദ്യമാണ്. പിടിയിലായ പ്രതി ക്ഷേത്രമോഷണമടക്കം നിരവധി കേസുകളിലെ പ്രതിയാണ്.
ചെങ്ങന്നൂർ സ്റ്റേഷൻ പരിധിയിൽ തന്നെ 20 ഓളം കേസുകൾ നിലവിലുണ്ട്. സമാനമായ മറ്റൊരു കേസിൽ ജയിലിലായിരുന്ന പ്രതി കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ഓരോ കേസിലും ജയിൽ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയാലുടൻ വീണ്ടും മോഷണം തുടരുകയാണ് പതിവ്. ഇതിനിടെ തടിവെട്ടുകേസിലും പ്രതിയായി. വിശദമായ ചോദ്യം ചെയ്യലിനുശേഷം പ്രതിയെ റിമാൻഡ് ചെയ്തു.