ഒറ്റപ്പാലം: പൊള്ളുന്ന വെയിലിനെ അതിജീവിച്ച് പ്രകൃതിയെ മഞ്ഞപ്പട്ടണിയിക്കുവാൻ കണിക്കൊന്നകൾ പൂത്തുലഞ്ഞു. വിഷുപ്പക്ഷിയുടെ കുറുകലും പൊന്നുരുക്കുന്ന കൊന്നപൂക്കളും പ്രകൃതിയ്ക്കു സ്വർണച്ചാമരം വീശുന്ന കാഴ്ച്ചവട്ടങ്ങളാണ്.
ചൂട് കഠിനമായതോടെയാണ് നേരത്തെതന്നെ മിക്ക കൊന്നകളും പൂവിട്ടുതുടങ്ങിയത്. ആടിയുലഞ്ഞു നിൽക്കുന്ന കൊന്നപ്പൂവിനുചുറ്റും പൂമ്പാറ്റകളും ചെറുവണ്ടുകളും പാറിനടക്കുന്നതും കാണാം.
കുംഭമാസ കാറ്റിൽ ഞെട്ടറ്റുവീണ കൊന്നപ്പൂക്കൾ മരത്തിനുചുറ്റും മഞ്ഞ പരവത്താനി വിരിച്ചതും കാണാം. നിലാകാശവും ആടിയുലയുന്ന കൊന്നപ്പൂവും മനോഹര കാഴ്ചത്തന്നെയാണ്. സമൃദ്ധിയുടെ വിഷു ആഘോഷത്തിനു കണിക്കൊന്നകൾ അവിഭാജ്യ ഘടകമാണ്. വിപണിയിൽ പ്ലാസ്റ്റിക് കൊന്നപ്പൂക്കളും ഇപ്പോൾ സുലഭമാണ്.
എന്നാൽ കൊടുംചൂടിൽ കണ്ണിനു കുളിർക്കാഴ്ചയായി തൂങ്ങിയാടുന്ന കണിക്കൊന്ന പൂക്കൾ ഗൃഹാതുരത്വം നൽകുന്ന ഓർമകളാണ്. അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതിതിനനുസരിച്ചാണ് കണിക്കൊന്നകൾ പൂക്കുന്നത്.
എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കണിക്കൊന്നകൾ വളരെ നേരത്തെതന്നെ ഇത്തവണ പൂത്തുനിൽക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ചൂടുവർധിക്കുന്ന സാഹചര്യം മൂലമാണിത്.