ഒറ്റപ്പാലം: വിഷുവിന്റെ വരവറിയിച്ചു കൊണ്ട് കണിക്കൊന്നകൾ പൂത്തു.നാടും നഗരവുമെല്ലാം മഹാമാരിയുടെ ഭീതിയിൽ ഉഴലുന്പോഴും കണിക്കൊന്നകളുടെ മഞ്ഞപ്പ് മനസുകൾക്ക് തണുപ്പാണ്.
താപനിലയുടെ ഉയർച്ചയാണ് കൊന്നകളെ വേഗത്തിൽ പൂത്തുലയാൻ സഹായിച്ചത്.വിഷു സമൃദ്ധിയുടെ നാളുകളെ വിളംബരം ചെയ്യുന്ന കണിക്കൊന്നകളുടെ നാളുകൾ കാർഷിക സമൃദ്ധിയിലേക്കുള്ള വിളവിറക്കലിന്റെ സുദിനം കൂടിയാണ്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളുമെല്ലാം ചടങ്ങുകളായി കൊറോണ ഭീതി മാറ്റുന്പോഴും കാലക്രമം തെറ്റാതെയുള്ള കണിക്കൊന്നകളുടെ സമൃദ്ധിയും, വിത്തും കൈക്കോട്ടും, പാട്ട് പാടിയുള്ള വിഷു പക്ഷിയുടെ ആഗമനവുമെല്ലാം ഭീതി കയറി നിൽക്കുന്ന മനസുകൾക്ക് നേരിയ ആശ്വാസത്തിന് വകനൽകുന്നുണ്ട്.
എങ്ങും തളിരിട്ട് മഞ്ഞ കിങ്ങിണി തൂക്കിയ കണിക്കൊന്നകൾ മാത്രം. എന്നാൽ ഇത്തവണത്തെ വിഷുവാഘോഷവും ചടങ്ങായി മാറുമോയെന്ന ആശങ്കയും പ്രബലമാണ്. കൊറോണ ഭീതിയുടെ നിഴലാട്ടം അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.