ഒറ്റപ്പാലം: വിഷുവെത്തി… മഞ്ഞ കിങ്ങിണി തൂക്കി കണിക്കൊന്നകൾ പൂത്തുലഞ്ഞു. കാർഷിക സമൃദ്ധിയുടെ ഉത്സവം കൂടിയായ വിഷുവിന് വിപണികൾ ഉണർന്നിട്ടില്ലെങ്കിലും കണിക്കൊന്നകൾ പൂത്തുലഞ്ഞ് നിറകാഴ്ചയൊരുക്കിക്കഴിഞ്ഞു.
ഒർജിനിലിനെ വെല്ലുന്ന പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കളും വിപണികളിൽ ഇത്തവണ സജീവമാണ്. കണിവെള്ളരിയും കണിക്കൊന്നയും പടക്കങ്ങളുമാണ് വിഷുവിന്റെ പ്രധാന പ്രത്യേകതകൾ.
ഇത്തവണ വിഷു വിപണി ഇനിയും ഉണരാത്തത് കച്ചവടക്കാർക്ക് ആശങ്കയുയർത്തുന്നുണ്ട്. വീണ്ടും പ്ലാസ്റ്റിക്കിന്റെ അതിപ്രസരം വ്യാപകമാവുന്നതിന്റെ ഉദാഹരണമാണ് കൊന്ന പൂ പോലും പ്ലാസ്റ്റിക് നിർമിതമായി വില്പനയ്ക്കെത്തിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
യഥാർഥ കൊന്നപൂ കിട്ടാത്തവർ ഇത്തവണ ഇത് വച്ചാവും കണികാണുക. പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന ഉത്സവമാണ് വിഷു. മീനം രാശിയിൽ നിന്ന് മേടരാശിയിലേക്ക് സൂര്യൻ കടക്കുന്ന ദിവസമാണ് വിഷു.
വസന്ത ഋതുവിലെത്തുന്ന ഈ ആഘോഷത്തിന് വസന്ത വിഷുവെന്നും പേരുണ്ട്. കൊന്നയും കാർഷികോല്പന്നങ്ങളും അലങ്കരിച്ച കൃഷ്ണ വിഗ്രഹങ്ങളുമൊരുക്കി കൈനീട്ടം നല്കി, സദ്യയുണ്ട് മതിമറന്നാഘോഷിക്കുന്ന വിഷുനാളിൽ സൂര്യാരാധനയ്ക്കുള്ള പ്രാധാന്യവും വലുതാണ്.
പുതുവത്സരദിനമെന്ന സവിശേഷതയുള്ള വിഷുവിന്റെ പുരാവൃത്തങ്ങൾ സൂര്യാരാധനയുമായി ബന്ധപ്പെട്ടതാണ്. കൊയ്ത്തു കഴിഞ്ഞ് നിറസമൃദ്ധിയിൽ കർഷകർ ആഹ്ലാദചിത്തരായി സൂര്യനെ ഭക്ത്യാദരം പ്രണമിക്കേണ്ട ദിനം കൂടിയാണ് വിഷുവെന്നാണ് പഴമക്കാരുടെ പക്ഷം.
സർവതിലും നിറയുന്ന ചൈതന്യമായ സൂര്യൻ സമൃദ്ധിയുടെയും ആരോഗ്യത്തിന്റെയും കൂടി ഉൗർജ സ്രോതസാണ്. നവഗ്രഹങ്ങളുടെ നാഥനായും സൂര്യനെയാണ് പഴമക്കാർ കണക്കാക്കുന്നത്.
മേടരാശിയിലാണ് സൂര്യൻ ഉച്ചസ്ഥായിയിലെത്തുന്നത്. മേടസംക്രമനാളിൽ പുലർച്ചെയുണർന്ന് ആളുകൾ പ്രകൃതിക്ക് സൂര്യന്റെ ദാനമായ പൂക്കളും പഴങ്ങളും വച്ച് കണിയൊരുക്കുകയും കുടുംബാംഗങ്ങളെല്ലാം കണി കണ്ട ശേഷം കണി പുറത്തേക്കെടുത്ത് സൂര്യദർശനത്തായി വയ്ക്കണമെന്നാണ് പറയപ്പെടുന്നത്.
സൂര്യതേജസിന്റെ പ്രതീകമാണത്രേ കണിക്കൊന്നകൾ. ആത്മീയമായൊരു ബന്ധവും മനുഷ്യനും സൂര്യനുമിടയിലുണ്ട്.
ബ്രഹ്മത്തിന്റെ കാണാവുന്ന രൂപമെന്ന സങ്കല്പത്തിൽ പൗരാണിക കാലം മുതൽ തന്നെ സൂര്യനെ പൂർവിക മനുഷ്യൻ ആരാധിച്ചു വന്നിരുന്നു.
രാവിലെയുള്ള സൂര്യകിരണ മേൽക്കൽ ഉൗർജദായകമാണ്. ആലസ്യമകന്ന് പ്രസരിപ്പ് ലഭിക്കാൻ ഉദയസൂര്യന്റെ ചൂടേൽക്കൽ പ്രധാനമാണ്.
നിത്യജീവിതത്തിലും സൂര്യന്റെ സ്വാധീനം വ്യക്തമാക്കണമെന്നിരിക്കെ സമയം ചിട്ടപ്പെടുത്തുന്നതടക്കം ഉദയാസ്തമയങ്ങളെ ആധാരമാക്കിയാണിത്.
കർഷകർ കൃഷിയിറക്കുന്ന ഞാറ്റുവേലയ്ക്കുമുണ്ട് സൂര്യനുമായി അഭേദ്യ ബന്ധം. ഇതു കൊണ്ടെല്ലാമാണ് വിഷുകാർഷിക സംസ്കൃതിയുടെ ഉത്സവമാകുന്നതും.