കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ നടിയാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനമാണ് കനിക്ക് പുരസ്കാരം നേടിക്കൊടുത്തത്.
സിനിമയിലും വ്യക്തിജീവിതത്തിലും കൃത്യമായിട്ടുള്ള നിലപാടുകളിലൂടെയാണ് ഇന്ന് കാണുന്ന നടിയിലേക്ക് കനി എത്തിയത്.
കഴിഞ്ഞ ദിവസം വിതരണം ചെയ്ത പുരസ്കാരം വാങ്ങാനെത്തിയപ്പോഴും ചുവന്ന ലിപ്സ്റ്റിക് ഇട്ട് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി.
സോഷ്യൽ മീഡിയ പേജിലെഴുതിയ കുറിപ്പിലൂടെയാണ് വേദിയിൽ ലിപ്സ്റ്റിക് ഇട്ടതിന് പിന്നിലൊരു രാഷ്ട്രീയമുണ്ടെന്ന് കൂടി നടി പറഞ്ഞത്.
ചരിത്രപരമായി, കറുത്ത തൊലിയുള്ള സ്ത്രീകൾ ചുവന്ന ലിപ്സ്റ്റിക്കിടുന്നത് പലപ്പോഴും പരിഹസിക്കപ്പെടാറുണ്ടെന്ന് അമേരിക്കൻ റാപ്പറായ റോക്കി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചുവന്ന ലിപ്സ്റ്റിക്ക് ചേരണമെങ്കിൽ വെളുത്ത നിറമുള്ള തൊലിയായിരിക്കണമെന്ന്.
അന്നവർ പറഞ്ഞത് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു, ഇത് സംബന്ധിച്ച ലേഖനം കൂടി പങ്കുവെച്ചാണ് കനി കുസൃതി എത്തിയിരിക്കുന്നത്.
കറുത്ത സ്ത്രീകളുടെ ചുണ്ടുകൾ പലപ്പോഴും പരിഹസിക്കപ്പെടുകയും സെക്ഷ്വലൈസ് ചെയ്യപ്പെടുകയും ചെയ്യാറുള്ളതാണ്. ആ ചുണ്ടുകൾ ഹൈലൈറ്റ് ചെയ്യപ്പെടേണ്ടതല്ലെന്നും മറച്ച് പിടിക്കേണ്ടതാണെന്നും ഒക്കെയുള്ള ധാരണയാണ് റാപ്പർ റോക്കിയുടെ പരാമർശം പോലും ധ്വനിപ്പിക്കുന്നത്.
നിറത്തിന്റെ ഒന്നും വേർതിരിവില്ലാതെ എല്ലാ നിറത്തിലുമുള്ളവർക്കും ഉപയോഗിക്കാൻ കഴിയുന്ന മേക്കപ്പ് ഉൽപന്നങ്ങൾ വിപണിയിലിറക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ് ഗായികയായ റിഹാന ഫെന്റി ബ്യൂട്ടി ആരംഭിച്ചത്, ആ ബ്രാൻഡാണ് താൻ പുരട്ടിയതെന്നും കനി പറയുന്നു.
അയ്യേ ലിപ്സ്റ്റിക് ഇട്ടോ? എന്ന മലയാളി ചോദ്യത്തിന് അറിഞ്ഞു കൊണ്ട് തന്നെ ആണു ലോക പ്രശസ്തയായ റിഹാന എന്ന സിംഗർ സോംഗ് റൈറ്ററുടെ ഫെന്റിബ്യുട്ടി ബ്രാൻഡിലെ യൂണിവേഴ്സൽ റെഡ് ലിപ്സ്റ്റിക് ഇട്ട് പോയത്.
ആ റെഡ് ലിപ്സ്റ്റിക് എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാർഥമായി അറിയാൻ ആഗ്രഹിക്കുന്നവർ വായിച്ചു മനസിലാക്കുക. എന്ന് എഴുതിക്കൊണ്ടാണ് അവാർഡ് വേദിയിൽ ചുവന്ന ലിപ്സിറ്റിക് ഇട്ടതിനെക്കുറിച്ച് കനി പ്രതികരിച്ചത്.