മുത്തച്ഛനും അച്ഛനും അമ്മാവനും ഐഎഎസുകാര്‍! സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് നേടിയപ്പോള്‍ കനിഷ്‌ക് ട്വിറ്ററിലൂടെ ആദ്യം നന്ദി അറിയിച്ചത് കാമുകിയ്ക്ക്

യുപിഎസി പുറത്തുവിട്ട സിവില്‍ സര്‍വീസ് പരീക്ഷാ ഫലത്തില്‍ കേരളത്തിന് അഭിമാനിക്കാന്‍ ധാരാളം ഘടകങ്ങളുണ്ടായിരുന്നു. വയനാട്ടില്‍ നിന്നുള്ള ആദിവാസി പെണ്‍കുട്ടി റാങ്ക് പട്ടികയില്‍ ഇടം പിടിച്ചതു മുതല്‍ മലയാളികളായ ധാരാളം പേര്‍ക്ക് റാങ്ക് നേട്ടം കൈവരിക്കാനായി.

എന്നാല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ജയ്പൂര്‍ സ്വദേശി കനിഷ്‌ക് കടാരിയയെ സംബന്ധിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ കുറച്ചുകൂടി കൗതുകമുണര്‍ത്തുന്നതാണ്.

കനിഷ്‌കിന്റെ അച്ഛനും അമ്മാവനും എന്തിനേറെ മുത്തച്ഛന്‍ പോലും ഐഎഎസ് ഉദ്യോഗസ്ഥരായിരുന്നു. ഓള്‍ ഇന്ത്യ എന്‍ട്രന്‍സില്‍ 44 ാം റാങ്ക് നേടിയാണ് ബോംബെ ഐഐടിയില്‍ കനിഷ്‌ക് അഡമിഷന്‍ നേടിയത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയശേഷം സൗത്ത് കൊറിയയില്‍ ജോലി നേടി. 2017 ലാണ് തിരിച്ചു വന്ന് സിവില്‍ സര്‍വീസിനായി ഒരുങ്ങിയത്.

റിസള്‍ട്ട് വന്ന ശേഷം മറ്റൊരു രസകരമായ സംഭവം കൂടി അരങ്ങേറി. റാങ്കും വിജയവും അവാര്‍ഡുകളും ലഭിക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും നന്ദി പറയുന്നത് അസാധാരണ സംഭവമല്ല. എന്നാല്‍ പരസ്യമായി തന്റെ കാമുകിക്കും ട്വിറ്ററിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് ലഭിച്ച കനിഷ്‌ക്. ഒന്നാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തന്റെ സന്തോഷം പങ്കുവെച്ചു കൊണ്ടുള്ള ട്വീറ്റില്‍ അദ്ദേഹം കുറിച്ചു. ഒപ്പം കാമുകിക്കുള്ള നന്ദിവാക്കും.

‘ആശ്ചര്യം തോന്നുന്ന നിമിഷമാണിത്. ഒന്നാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാതാപിതാക്കള്‍ക്കും സഹോദരിക്കും കാമുകിക്കും അവര്‍ നല്‍കിയ പിന്തുണക്കും സഹായത്തിനും നന്ദി അറിയിക്കുകയാണ്. ഞാനൊരു നല്ല ഭരണനിര്‍വഹകന്‍ ആയിരിക്കുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. അതു തന്നെയാണ് എന്റെ ഉദ്ദേശവും’, കടാരിയ കുറിച്ചു.

ഒരു സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരന്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ പരസ്യമായി കാമുകിക്ക് നന്ദി പറയുന്നത് എന്ന തരത്തിലാണ് കടാരിയയുടെ ട്വീറ്റ് സോഷ്യല്‍മീഡിയ ആഘോഷിക്കുന്നത്.

Related posts