കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലുള്ള എക്സൈസ് മധ്യമേഖല റേഞ്ച് ഓഫീസിലെ സെല്ലില്‍നിന്ന് കഞ്ചാവ് കേസ് പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ പ്രതികള്‍ തങ്ങളുടെ കൊല്ലത്തെ വീട്ടില്‍ ഇന്നലെ എത്തിയതായി സൂചന. വിവരം അറിഞ്ഞ് കൊല്ലത്തെ എക്സൈസ് സംഘം ഇരുവരുടെയും വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും പ്രതികള്‍ അവിടെനിന്നും കടന്നു കളഞ്ഞു.
3.240 കിലോ കഞ്ചാവുമായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ് ) പിടികൂടി എക്സൈസിന് കൈമാറിയ കൊല്ലം ഇരവിപുരം പെരുമത്തുള്ളി വീട്ടില്‍ സൈദലി(22), കൊല്ലം തട്ടവള വടക്കേപാലുവല യസീന്‍(21) എന്നിവരാണ് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ സെല്ലില്‍ നിന്ന് കടന്നുകളഞ്ഞത്.
പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ സെല്ലില്‍ നിന്നും രക്ഷപ്പെട്ട് പുറത്തിറങ്ങിയ പ്രതികള്‍ പച്ചാളം ഭാഗം വഴി നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്ത് എത്തിയതായി വ്യക്തമായിരുന്നു. ട്രെയിന്‍ മാര്‍ഗം തന്നെ ഇവര്‍ കൊല്ലത്ത് എത്തിയതായിരിക്കാം എന്നാണ് സംശയിക്കുന്നത്.
ഇവരുടെ മൊബൈല്‍ ഫോണും പണമടങ്ങിയ പഴ്സും എക്സൈസ് കസ്റ്റഡിയിലാണ്. അതിനാല്‍ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണ സാധ്യത മങ്ങുകയാണ്.
അതേസമയം, പ്രതികളെ പാര്‍പ്പിച്ചിരുന്ന എക്സൈസ് മധ്യമേഖല റേഞ്ച് ഓഫീസിലെ സെല്ല് കൈവിലങ്ങ് ഇട്ടാണ് പൂട്ടിയിരുന്നത്. ഈ കൈവിലങ്ങിന്റെ പൂട്ട് തകരാറിലായിരുന്നുവെന്നും സൂചനയുണ്ട്.
അതുകൊണ്ടുതന്നെ സെല്ലിനകത്തുള്ള ആള്‍ക്ക് അകത്തുനിന്നുതന്നെ സെല്ല് തുറക്കാനാകും. പ്രതികള്‍ ഇത്തരത്തില്‍ സെല്ല് തുറന്ന് രക്ഷപ്പെട്ടതാകാമെന്നാണ് നിഗമനം. അതേസമയം സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഞ്ചാവ് കേസില്‍ ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഇരുവരും എക്സൈസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ട് 4.50ഓടെയാണ് പ്രതികള്‍ ആര്‍പിഎഫിന്റെ പിടിയിലായത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പര്‍ നാലിലെത്തിയ ട്രെയിനുള്ളിലാണ് യുവാക്കളെ സംശയാസ്പദമായ രീതിയില്‍ കണ്ടത്. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും ബാഗിനുള്ളില്‍നിന്ന് 3.240 കിലോ കഞ്ചാവ് കണ്ടെത്തി.
രണ്ട് പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇത്. ഇതോടെ തുടര്‍നടപടികള്‍ക്കായി പ്രതികളെ എക്സൈസിന് കൈമാറി. ഇതിനുപിന്നാലെയാണ് ഇരുവരെയും കച്ചേരിപ്പടിയിലെ എക്സൈസ് ആസ്ഥാനത്തെ സെല്ലിലെത്തിച്ചത്.
തുടര്‍ന്ന് കേസ് രജിസ്റ്റ് ചെയ്തു. രാത്രി വൈകിയതിനാല്‍ ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കാനായിരുന്നു തീരുമാനം. രാവിലെ അഞ്ചോടെ ഉദ്യോഗസ്ഥനെത്തി നോക്കിയപ്പോഴാണ് പ്രതികള്‍ സെല്ലില്‍നിന്ന് കടന്നുകളഞ്ഞതായി തിരിച്ചറിഞ്ഞത്. ഓഫീസിലെ സിസിടിവി പരിശോധനയില്‍ പ്രതികള്‍ സെല്ലില്‍ തുറന്ന് പ്രതികള്‍ സാവധാനം നടന്നുപോകുന്നതായി വ്യക്തമായിട്ടുണ്ട്.