കാഞ്ഞങ്ങാട്: പത്തുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ പ്രതി സലീമിന്റെ ജീവിതം ഏറെ ദുരൂഹതകൾ നിറഞ്ഞത്. ജനിച്ചു വളർന്നത് കർണാടകയിലെ കുടകിലാണെങ്കിലും മാതൃഭാഷ മലയാളമാണ്.
കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാമുള്ളത് കാസർഗോഡ് ജില്ലയിൽ. 14 വർഷം മുമ്പാണ് കാഞ്ഞങ്ങാട് സ്വദേശിനിയെ കല്യാണം കഴിച്ചത്. പിന്നെ ഇവിടെ വന്ന് താമസമാക്കുകയായിരന്നു.പകൽ മുഴുവനും വീട്ടിൽതന്നെ കഴിച്ചുകൂട്ടുന്നതാണ് ഇയാളുടെ രീതി. ഭർത്താവ് വീട്ടിലുണ്ടെന്ന് ഭാര്യ പറയുന്നതല്ലാതെ ഇയാളെ നേരിട്ടു കണ്ട അയൽവാസികൾ പോലും ചുരുക്കമാണ്.
ഭാര്യയുടെ കുടുംബത്തിലെയോ നാട്ടിലെയോ ചടങ്ങുകൾക്കൊന്നും ഇയാൾ പോകാറുമില്ല. പകൽ മുഴുവൻ വീട്ടിനുള്ളിൽ കഴിയുന്ന ഇയാളുടെ സഞ്ചാരം മുഴുവൻ രാത്രികളിലാണ്. രാത്രിയായാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന ഇയാൾ തോട്ടിൽ മീൻപിടിക്കാൻ പോവുകയാണെന്നൊക്കെയാണ് പറയുക.
നേരം പുലർന്നാലാണ് തിരിച്ചെത്തുക. വിചിത്രമായ ജീവിതരീതിയാണ് ഇയാൾ തുടർന്നിരുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണം കവർന്ന കേസിൽ പത്തു ദിവസത്തിനുശേഷം ഇന്നലെ ആന്ധ്രയിലെ അഡോണി റെയിൽവേ സ്റ്റേഷനിൽവച്ചാണ് ഇയാൾ പിടിയിലാകുന്നത്. പിടിയിലായ പ്രതിയെ രാത്രിയോടെ കാഞ്ഞങ്ങാടെത്തിച്ചു.
പണം എവിടെനിന്ന്?
14 വർഷത്തെ ദാമ്പത്യത്തിനിടയിൽ നാലു മക്കളുണ്ടായെങ്കിലും ഇയാൾ വീട്ടിലുണ്ടായിരിക്കുന്നത് ഭാര്യയ്ക്കുപോലും സന്തോഷമുള്ള കാര്യമല്ലെന്നാണ് അറിയുന്നത്. ഒരു ജോലിക്കും പോകാത്ത പ്രതി ഇടയ്ക്കിടെ മദ്യപിച്ചെത്തി ഭാര്യയേയും കുട്ടികളേയും മർദിക്കാറുണ്ടെന്നതുമാണ് കാരണം.
രാത്രിസഞ്ചാരം കഴിഞ്ഞ് മടങ്ങുമ്പോൾ പലപ്പോഴും കൈയിൽ പണമുണ്ടാകാറുണ്ടെങ്കിലും അത് എങ്ങനെ കിട്ടിയെന്നു ചോദിക്കാൻ വീട്ടുകാർ പോലും ധൈര്യപ്പെടാറില്ല. ഇടയ്ക്കിടെ സ്വന്തം നാടായ കുടകിലേക്കെന്നോ കാസർഗോഡ് മേൽപറമ്പിലെ ബന്ധുവീട്ടിലേക്കു പോകുകയാണെന്ന് പറഞ്ഞ് ഭാര്യവീട് വിട്ടു പോകാറുമുണ്ട്.
പിന്നീട് പലപ്പോഴും ആഴ്ചകൾക്കു ശേഷമാണ് തിരിച്ചെത്തുക. ഏതൊക്കെയോ തരത്തിൽ കൈയിൽ പണം വരുന്നുണ്ടെങ്കിലും കുടുംബത്തിനായി ചെലവഴിക്കാറില്ല. ഭാര്യ കൂലിപ്പണിക്കു പോയാണ് കുടുംബം പുലർത്തുന്നത്.
ഒരിക്കൽ ഒരു ബന്ധുവീട്ടിൽ പോയി താമസിച്ചപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കിലോമീറ്ററുകൾ അകലെയുള്ള വനത്തിൽ കൊണ്ടു പോയി പീഡിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ നാലുമാസം ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതാണ്. ഈ കേസ് വിചാരണ ഘട്ടത്തിലാണ്. ഈ സംഭവത്തിനു ശേഷം ബന്ധുക്കളും ഇയാളെ അടുപ്പിക്കാറില്ല.
ആടുമോഷണം
ജന്മനാടായ കുടകിൽ ഇയാൾ കുട്ടിക്കാലം മുതൽ ആടുമോഷണത്തിലും പിടിച്ചുപറിക്കേസിലുമൊക്കെ ഉൾപ്പെട്ടിരുന്നു. വിദ്യാഭ്യാസം സ്കൂൾ തലത്തിൽ തന്നെ നിർത്തിയിരുന്നു. സ്വഭാവം നന്നാകട്ടെയെന്നു കരുതിയാണ് ഇയാളെ രക്ഷിതാക്കൾ കേരളത്തിലെ ബന്ധുവീടുകളിൽ കൊണ്ടുവന്നാക്കിയത്.
കഷ്ടിച്ച് 21 വയസായപ്പോഴേക്കും വിവാഹം കഴിപ്പിച്ചുകൊടുത്തതും വഴിതെറ്റിയ പരീക്ഷണമായിരുന്നു. കാഞ്ഞങ്ങാട്ടെ രാത്രിസഞ്ചാരത്തിനിടയിൽ വീടുകളിൽ ഒളിഞ്ഞുനോട്ടവും സ്ത്രീകളുടെ മാലപൊട്ടിക്കലും മൊബൈൽ ഫോൺ മോഷണവുമൊക്കെ ഇയാൾ നടത്തിയിരുന്നു.
ഇയാൾ താമസിച്ച വീടിന് സമീപപ്രദേശങ്ങളിൽ തെളിയാതെ കിടക്കുന്ന ഒട്ടേറെ പിടിച്ചുപറിക്കേസുകൾക്കു പിന്നിൽ ഇയാളായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
പ്രതിയുടെ ‘നന്പർ’
കുടകിലെ സ്വന്തം വീട്ടിൽ ഇപ്പോൾ കാര്യമായി സ്ഥാനമില്ലാത്തതുകൊണ്ട് അവിടെയെത്തിയാൽ മറ്റൊരു യുവതിയുടെ കൂടെയാണ് ഇയാൾ കഴിയുന്നതെന്നും വിവരമുണ്ട്. ഇയാളെ അന്വേഷിച്ചെത്തിയ പോലീസ് സംഘം അമ്മയുടെയും ഭാര്യയുടെയും ഫോൺ നന്പറിനൊപ്പം ഈ യുവതിയുടെ നമ്പറും നിരീക്ഷിച്ചിരുന്നു. സ്വന്തമായി മൊബൈൽ ഫോൺ കൈവശം വയ്ക്കാത്ത ഇയാൾ മറ്റാരുടെയെങ്കിലും ഫോൺ ഉപയോഗിച്ചാണ് ഇവരെ വിളിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ആന്ധ്രയിലെ അഡോണി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഈ യുവതിയുടെ നമ്പറിലേക്ക് ഫോൺ വന്നതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തൊട്ടുപിന്നാലെ സൈബർ സെല്ലിന്റെ സഹായത്തോടെ ആ ഫോൺ നമ്പറിന്റെ ഉടമയെ കണ്ടെത്തിയ അന്വേഷണസംഘം ആന്ധ്രാ പോലീസിന്റെ സഹായത്തോടെ അയാളോട് അന്വേഷിച്ച് സലീമിനെ കണ്ടുപിടിക്കുകയായിരുന്നു.