കാഞ്ഞങ്ങാട്: പെരിയ ആയന്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തിയത് മധൂർ പട്ളയിലെ കുഞ്ചാർ കോട്ടക്കണ്ണിയിൽ കെ.എം. അബ്ദുൾ ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേർന്നാണെന്ന് പോലീസ്. ക്ലോറോഫോം പുരട്ടിയ തുണി 10 മിനിറ്റ് നേരം മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചാണ് സുബൈദയെ കൊലപ്പെടുത്തിയത്. വീട് വാടകയ്ക്ക് ചോദിച്ചാണ് സംഘം സുബൈദയെ സമീപിച്ചത്. തൊട്ടടുത്തുള്ള ഒരു വീടാണ് വാടകയ്ക്ക് ചോദിച്ചിരുന്നത്.
കഴിഞ്ഞ മാസം 16 ന് നാലു പ്രതികളും കാറിൽ വീട്ടിലെത്തി സുബൈദയെ കാണുകയും തൊട്ടടുത്തുള്ള വീട് വാടകയ്ക്ക് ചോദിക്കുകയായിരുന്നു. സുബൈദയുടെ വീടിനടുത്തുള്ള കുവൈറ്റിൽ ജോലിചെയ്യുന്ന മുഹമ്മദ്കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സ് അന്വേഷിക്കാനെന്ന വ്യാജേനയാണ് ഇവർ സുബൈദയെ സമീപിച്ചത്. സുബൈദ താൻ മുന്പ് നോക്കിനടത്തിയിരുന്ന ഈ ക്വാർട്ടേഴ്സ് ഇവർക്ക് കാണിച്ചുകൊടുത്തു. തുടർന്നു പ്രതികൾ സുബൈദയുടെ വീടും പരിസരവും വീക്ഷിച്ചശേഷം മടങ്ങി.
തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 12 ഓടെ ചുവന്ന സ്വിഫ്റ്റ് കാറിൽ സംഘം വീണ്ടും സുബൈദയുടെ വീട്ടിലെത്തി. എന്നാൽ വീട് പൂട്ടിക്കിടക്കുന്നതു കണ്ട് തിരിച്ചുപോകുംവഴി സുബൈദ ബസിറങ്ങി നടന്നുവരുന്നതു കണ്ട പ്രതികൾ സുബൈദയെ പിന്തുടരുകയായിരുന്നു.
സുബൈദ വാതിൽ തുറന്ന് അകത്തു കടന്നയുടൻ അബ്ദുൾ ഖാദറും മൂന്നാം പ്രതിയും വീടിനുള്ളിൽ കയറി. ഈസമയം മറ്റു രണ്ടുപേർ കാർ മുന്നോട്ടെടുത്ത് പാർക്ക് ചെയ്തു. വീടിനുള്ളിൽ കയറിയ അസീസ് തലേദിവസം കണ്ട പരിചയത്തിൽ സുബൈദയെ വിളിക്കുകയും ക്വാർട്ടേഴ്സിന്റെ കാര്യം സംസാരിക്കാൻ വന്നതാണെന്ന് പറയുകയും ചെയ്തു. ഇന്നലെ നിങ്ങൾ വന്നതല്ലേയെന്നു ചോദിച്ച സുബൈദ സംഘത്തോട് അകത്തുകയറിയിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടതനുസരിച്ച് നാരങ്ങാ വെള്ളമുണ്ടാക്കാമെന്നു പറഞ്ഞ് സുബൈദ അടുക്കളയിലേക്കു പോകുകയും നാരങ്ങാവെള്ളവുമായി വന്ന സുബൈദയെ പിന്നിൽനിന്നും മുഖത്ത് തുണികൊണ്ടു പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതികൾ പോലീസിനോടു സമ്മതിച്ചു.
പിന്നീട് സുബൈദയെ നിലത്തുകിടത്തി ഒന്നും മൂന്നും പ്രതികൾ സുബൈദ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ ഊരിയെടുത്ത് കൈയും കാലും തുണികൊണ്ട് വരിഞ്ഞുകെട്ടി വീടിനുള്ളിലെ അലമാര പരിശോധിക്കുകയും വീടിന്റെ പൂട്ടും താക്കോലും ഉപയോഗിച്ച് പുറത്തുനിന്നു പൂട്ടി പുറത്തെത്തി കാറിൽ തിരിച്ചുപോകുകയുമായിരുന്നു.
കാസർഗോഡ് സിഐ അബ്ദുൾ റഹീം, ബേക്കൽ എസ്ഐ യു.വിപിൻ, എഎസ്ഐ മധുമദനൻ, എസ്ഐമാരായ ഫിലിപ്പ് തോമസ്, ദിനേശൻ, ജയരാജൻ, നാരായണൻ, ബാലകൃഷ്ണൻ, ബാലചന്ദ്രൻ, മോഹനൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രകാശൻ, അബൂബക്കർ, സുരേഷ്, ശിവകുമാർ, ശ്രീജിത്ത്, ഓസ്റ്റിൻ തന്പി, ഗോകുൽ, ദീപക്, ഹരിപ്രസാദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതികളെ ഇന്നു തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പിടിയിലാകാനുള്ള സുള്ള്യ സ്വദേശി അസീസ്, മറ്റൊരു പ്രതി എന്നിവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.