സ്വന്തം ലേഖകൻ
തൃശൂർ: കാഞ്ഞാണി – വാടാനപ്പിള്ളി റോഡിന്റെ വികസനത്തിനു ഭൂമി അക്വയർ ചെയ്യുന്നതിനെക്കുറിച്ചും റോഡുപണിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ജനുവരി 15 നകം റിപ്പോർട്ടു സമർപ്പിക്കണമെന്നു സർക്കാരിനോടു ഹൈക്കോടതി. പണി എത്രയും വേഗം പൂർത്തിയാക്കണമെന്നും റോഡിന്റെ ശോച്യാവസ്ഥ പരിഹാരിക്കണെന്നും ആവശ്യപ്പെട്ട് കോണ്ഗ്രസ് തൃശൂർ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഹൈക്കോടതി സമീപിച്ചതായിരുന്നു.
പിഡബ്ല്യുഡി ഹൈക്കോടതിയിൽ ബോധിപ്പിച്ച മറുപടിയിൽ പടിഞ്ഞാറെകോട്ടയിൽനിന്ന് എറവു വരെയുള്ള ഒന്പതു കിലോമീറ്റർ ദൂരം റോഡ് പണിയുന്നതിനു 2015 ഓഗസ്റ്റിൽ ഭരണാനുമതി ലഭിച്ചതാണെന്ന് അറിയിച്ചു. 2016 ഫെബ്രുവരിയിൽ ടെൻഡർ വിളിച്ചു നവംബറിൽ കരാർ ഒപ്പിട്ടതാണ്.
ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കാൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ 2017 ജനുവരിയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗം ചേർന്ന് 17 മീറ്റർ വീതിയിൽ റോഡ് അക്വയർ ചെയ്തശേഷം പണി നടത്തിയാൽ മതിയെന്നു തീരുമാനിച്ചു. ഇതോടെ പണി നടത്താനായില്ല: എക്സിക്യൂട്ടീവ് എൻജിനീയർ ഹൈക്കോടതിയെ അറിയിച്ചു.
ഇതിനിടയിൽ റോഡ് തകരുകയും ഭൂമി അക്വയർ ചെയ്യുന്നതിനുളള ഫണ്ട് സർക്കാർ അനുവദിക്കാതിരിക്കുകയും ചെയ്തു. റോഡ് 17 മീറ്റർ വീതിയിലാക്കാതെ റോഡുപണി ഇക്കഴിഞ്ഞ മേയ് 31 നു അവസാനിപ്പിക്കുമെന്നു മരാമത്തു വകുപ്പ് ഹൈക്കോടതിയെ ബോധിപ്പിച്ചു. ഈ തീയതിയായിട്ടും പണി പൂർത്തിയാക്കാത്തതിനാലാണ് വീണ്ടും കോടതിയെ സമീപിച്ചത്.
ി