രാജാക്കാട്: കഞ്ചാവ് കേസിൽ കുടുക്കി കൈക്കൂലി ആവശ്യപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരെ വിജിലൻസിനെകൊണ്ട് പിടിപ്പിച്ച യുവാവിനെ വീണ്ടും കഞ്ചാവ് കേസിൽ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥൻ ക്വട്ടേഷൻ കൊടുത്തതായി ആരോപണം. 2009-ൽ കഞ്ചാവ് കേസിൽ പ്രതിയാക്കപ്പെട്ട രാജാക്കാട് സ്വദേശി മറ്റത്തിൽ സമീഷാണ് എക്സൈസ് ഉദ്യോഗസ്ഥനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
2009-ൽ സമീഷിന്റെ വാഹനം വിറ്റതിന്റെ ബാക്കി പണം വാങ്ങാൻ തിങ്കൾക്കാട് സ്വദേശിയായ സുഹൃത്ത് മെൽബിന്റെ വീട്ടിലെത്തിയപ്പോൾ മെൽബിന്റെ പുരയിടത്തിൽനിന്നും എക്സൈസ് സംഘം റെയ്ഡ് നടത്തി കഞ്ചാവ് കണ്ടെത്തിയതായി പറയുകയും തന്നെയും കേസിൽ പ്രതി ചേർക്കുകയായിരുന്നെന്നും ജാമ്യത്തിലിറങ്ങിയ തന്നെ കേസിൽനിന്നും ഒഴിവാക്കുന്നതിന് രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ പണം ആവശ്യപ്പെടുകയായിരുന്നെന്നും സമീഷ് പറയുന്നു.
ജാമ്യത്തിൽ ഇറങ്ങിയതിനുശേഷവും വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സമീഷ് വിജിലൻസിനെ സമീപിച്ചു. വിജിലൻസിന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പണം 2010-ൽ സമീഷ് അടിമാലിയിലെത്തി കൈമാറുകയുമായിരുന്നു. വിജിലൻസ് ഈ രണ്ടുദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഈ കേസിൽ അനുകൂലമൊഴി നൽകാൻ ദൂതൻമാരെ അയച്ചെങ്കിലും ശ്രമം പരാജയപ്പെട്ടതിനെതുടർന്ന് മൊഴി അനുകൂലമാക്കാൻ തന്റെ വീട്ടിൽ കഞ്ചാവ് ഒളിപ്പിച്ചുവച്ച് തന്നെ കുടുക്കാൻ രാജാക്കാട് കേന്ദ്രീകരിച്ചുള്ള മാഫിയാ സംഘത്തിനു ഉദ്യോഗസ്ഥൻ ക്വട്ടേഷൻ നൽകിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് രാജാക്കാട് പോലീസിലും വിജിലൻസ് കോടതിയിലും പരാതി നൽകിയിട്ടുണ്ടെന്നും സമീഷ് പറഞ്ഞു.