കോട്ടയം: പോലീസ് പരിശോധനക്കിടയിൽ ഡ്രൈവർ ഇറങ്ങിയോടിയ പച്ചക്കറിയുമായി വന്ന പിക്കഅപ്പ് വാനിൽ നിന്ന് ഒന്നര കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെത്തി. പിക്ക്അപ്പ് വാൻ ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ട ഡ്രൈവറെക്കുറിച്ചു സൂചന ലഭിച്ചതായും ഉടൻ ഇയാളെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് പോലീസും ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു പരിശോധന നടത്തുന്നതിനിടയിൽ എത്തിയ പച്ചക്കറി പിക്ക്അപ്പ് വാൻ ഉപേക്ഷിച്ചു ഡ്രൈവർ രക്ഷപ്പെട്ടിരുന്നു.
തുടർന്നു പോലീസ് വാനിനുള്ളിൽ നടത്തിയ പരിശോധനയിൽ അര കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. തുടർന്നാണു വാനിനുള്ളിൽ കൂടുതൽ കഞ്ചാവ് ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസിലെ സ്റ്റീഫർ ഡോഗ് റോക്കിയുടെ സഹായത്തോടെ നടത്തിയ പരിശോധയിലാണ് വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ഒന്നര കിലോ കഞ്ചാവ് കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ, നാർകോട്ടിക് സെൽ ഡിവൈഎസ്പി വിനോദ്പിള്ള എന്നിവരുടെ നിർദേശാനുസരണം മുണ്ടക്കയം എസ്എച്ച്ഒ ഷിബുകുമാർ, എസ്ഐ കെ.ജെ. മാമൻ, എഎസ്ഐ അലക്സ്, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതിഷ് രാജ്, കെ.ആർ. അജയകുമാർ, തോംസണ്‍ കെ. മാത്യു, ശ്രീജിത്ത് ബി. നായർ, എസ്. അരുണ്‍. ഗോഡ് സ്ക്വാഡ് അംഗങ്ങളായ കെ.വി. പ്രേംജി, ബിറ്റു മോഹൻ, ആഷിത് എന്നിവർ ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പരിശോധകൾ നടത്തുമെന്ന് പോലീസ് പറഞ്ഞു.