കൊച്ചി: സംസ്ഥാനത്തു കഞ്ചാവ് കൃഷി നന്നേ ഇല്ലാതായതോടെ ഇടുക്കി ഗോള്‍ഡെന്ന പേരില്‍ കൊച്ചിവഴി കഞ്ചാവ് കടത്ത്. ട്രെയിന്‍ മാര്‍ഗമുള്ള കഞ്ചാവു കടത്തിനു പിന്നില്‍ മലയാളികളുടെ പങ്കും അധികൃതര്‍ സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്നും കൊച്ചിയില്‍ എത്തിക്കുന്ന കഞ്ചാവിന്റെ മുഖ്യ ഉറവിടം മലയാളി തൊഴിലാളികള്‍ പണിയെടുക്കുന്ന കഞ്ചാവ് തോട്ടങ്ങളില്നിന്നാണെന്ന് എക്സൈസ് അധികൃതര്‍ കണ്ടെത്തിയിട്ടുള്ളത്. മുന്‍പ് ഇടുക്കി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നടന്നിരുന്ന കഞ്ചാവ് കൃഷി എക്സൈസ് അധികൃതര്‍ വെട്ടി നശിപ്പിച്ചിരുന്നു. ഇടുക്കി ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ തോട്ടങ്ങള്‍ കണ്ടെത്തിയതും നശിപ്പിച്ചതും. ഇതോടെ ഇടുക്കി ഗോള്‍ഡെന്ന പേരില്‍ എത്തിച്ചിരുന്ന കഞ്ചാവിനായി മാഫിയ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുകയായിരുന്നു.
കൃഷിക്കായി ഒറീസ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ തെരഞ്ഞെടുത്ത മാഫിയ മലയാളി തൊഴിലാളികളെ ഉപയോഗിച്ചുതന്നെ കൃഷി വികസിപ്പിച്ചു. സംസ്ഥാനത്തെ കഞ്ചാവ് തോട്ടങ്ങളില്‍ പണിയെടുത്ത തൊഴിലാളികളില്‍ ചിലര്‍ ഇപ്പോഴും ഇതര സംസ്ഥാനത്തെ കഞ്ചാവ് തോട്ടങ്ങളില്‍ പണിയെടുക്കുന്നതായാണ് അധികൃതര്‍ക്കു ലഭിച്ചിരിക്കുന്ന വിവരം. ഇവര്‍ മുഖേനയാണു കൊച്ചിവഴി സംസ്ഥാനത്തേക്കു പ്രധാനമായും കഞ്ചാവ് എത്തിക്കുന്നത്. മുന്‍പ് കൊച്ചിയില്‍ കഞ്ചാവുമായി പിടിക്കപ്പെട്ട പലര്‍ക്കും ഇതു ലഭിച്ചിരുന്നത് ഇതര സംസ്ഥാനങ്ങളില്നിന്നാണെന്നു തിരിച്ചറിഞ്ഞിരുന്നു. ഇടുക്കിയിലേക്കു കൊണ്ടുപോകുന്നതിനായി എത്തിക്കുന്ന കഞ്ചാവിന്റെ യഥാര്‍ത്ഥ ഉറവിടം അന്വേഷിച്ചപ്പോഴാണ് അധികൃതരും ഞെട്ടിയത്. കൊച്ചി വഴി ഇടുക്കിയിലെത്തിക്കുന്ന കഞ്ചാവ് പഴയ ഇടുക്കി ഗോര്ഡെന്ന പേരിലാണു വില്‍പ്പന.
ഇടുക്കിയില്‍നിന്നു ലഭിക്കുന്ന കഞ്ചാവിനു വീര്യം കൂടുതലാണെന്നതിനാല്‍ കൂടുതല്‍ ആളുകളെ ആവശ്യക്കാരായി ലഭിക്കുമെന്നു മാത്രമല്ല വന്‍ ലാഭവും മാഫിയ ലക്ഷ്യംവയ്ക്കുന്നു. കഞ്ചാവ് എത്തിക്കുന്നതു ട്രെയിന്‍മാര്‍ഗം ആയതിനാല്‍ വലിയ ചെലവ് വേണ്ടിവരില്ലതാനും. പരിശോധനകള്‍ തീരെയില്ലാത്ത റെയില്‍വേ സ്റ്റേഷനുകളാകും മാഫിയ തെരഞ്ഞെടുക്കുക. സ്റ്റേഷനുകളില്‍നിന്നും ഇടുക്കിയില്‍ കഞ്ചാവ് എത്തിക്കാന്‍ വിദ്യാര്‍ഥികളെ പോലും വാഹകരായി മാഫിയ ഉപയോഗിക്കുന്നുവെന്ന വിവരവും എക്സൈസ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.