എരുമേലി: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവ് വാങ്ങി വിൽക്കാനായി എത്തിയത് അടിപിടി കേസുകളിൽ പ്രതിയായ യുവാവിന്റെ അടുക്കൽ. ഇത് രഹസ്യമായി കണ്ടു നിന്ന പോലീസിലെ മഫ്തി സ്ക്വാഡ് ഇരുവരെയും ഒന്നേകാൽ കിലോ കഞ്ചാവുമായി പിടികൂടി അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കൊരട്ടി പാലത്തിനടുത്താണ് സംഭവം. കൊലക്കേസിൽ പ്രതിയായ പനച്ചേപ്പളളി കാവുങ്കൽ ആനകണ്ണൻ എന്ന് വിളിക്കപ്പെടുന്ന അജയ് (22), അടിപിടി കേസുകളിൽ പ്രതിയായ പാലമ്പ്ര ഊത്തോലിൽ ജുനൈദ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ഒരു കിലോ 250 ഗ്രാം കഞ്ചാവ് പിടികൂടിയെന്ന് സ്ക്വാഡിന് നേതൃത്വം നൽകിയ മണിമല സിഐ ടി.ഡി.സുനിൽ കുമാർ പറഞ്ഞു. കമ്പത്തുനിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി ജുനൈദ് പറഞ്ഞെന്ന് പോലീസ് പറയുന്നു.
വിൽക്കാൻ വേണ്ടിയാണ് അജയ് കഞ്ചാവ് വാങ്ങാനെത്തിയത്. കോളജ്, പോളിടെക്നിക് വിദ്യാർഥികൾക്കാണ് വിറ്റഴിക്കുന്നത്. ഇവരുടെ പേര് വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും വിദ്യാർഥികളിൽ കഞ്ചാവ് ഉപയോഗം വർധിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതരും രക്ഷിതാക്കളും ജാഗ്രതയോടെ തടയണമെന്നും പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് ചീഫിന്റെ നിർദേശപ്രകാരം കാഞ്ഞിരപ്പളളി ഡിവൈഎസ്പി യുടെ മേൽനോട്ടത്തിൽ മണിമല സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗവും വിൽപനയും പിടികൂടാനായി ഒന്നര മാസം മുമ്പ് ആറംഗ സ്ക്വാഡ് രൂപീകരിച്ചിരുന്നു. ഈ സ്ക്വാഡാണ് പ്രതികളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച് കഞ്ചാവ് കൈമാറുമ്പോൾ പിടികൂടിയത്. ഏതാനും മാസങ്ങൾക്കു മുമ്പ് പനച്ചേപ്പളളിയിൽ കടയിൽ നിന്ന് ഉപ്പ് വാങ്ങിയതിന്റെ വിലയെ ചൊല്ലിയുണ്ടായ അടിപിടിയിൽ കുന്നത്ത് സുകുമാരൻ എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയാണ് പിടിയിലായ അജയ്.
സിഐ ടി.ഡി. സുനിൽകുമാറിനൊപ്പം എസ്ഐ മുരളീധരൻ, എഎസ്ഐ കുരുവിള, മണിമല സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസർ അഭിലാഷ്, പ്രതാപ് ചന്ദ്രൻ, അബ്ദുൾ ലത്തീഫ്, പ്രദീപ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.