കൊച്ചി: അപരിചിതരായ ഇരുചകവാഹന യാത്രക്കാരെ കരുവാക്കി കഞ്ചാവ് കടത്തിയിരുന്ന കേസിൽ ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി എക്സൈസ് പിടിയിൽ. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രത്യേക നിരീക്ഷണങ്ങൾക്കായി ഏർപ്പെടുത്തിയ ഷാഡോ സംഘത്തിന്റെ വാഹനത്തിന് ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കഞ്ഞിക്കുഴി സ്വദേശിയായ മാഹിൻ(19) പിടിയിലായത്.
നഗരത്തിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്ന മാഹിൻ ശനിയാഴ്ചകളിൽ നാട്ടിലേക്ക് പോകുന്ന സമയത്ത് കഞ്ചാവ് അവിടെയുള്ള കച്ചവടക്കാർക്ക് വിതരണം നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
ഒന്നേകാൽ കിലോ കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നു പിടികൂടിയത്. ഇരുചക്ര വാഹനങ്ങൾക്ക് കൈ കാണിച്ച് വാഹനങ്ങളിൽ യാത്രചെയ്യുകയും പോലീസ് പരിശോധന നടക്കുന്ന സമയത്ത് കൈവശമുള്ള കഞ്ചാവ് നിറച്ച ബാഗ് ബൈക്കിൽ തൂക്കിയിട്ട് രക്ഷപെടുകയുമായിരുന്നു ഇയാളുടെ രീതി. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ ലിഫ്റ്റ് ആവശ്യപ്പെട്ടത് ഷാഡോ സംഘത്തിന്റെ വാഹനത്തിനായിരുന്നു.
വാഹനത്തിൽ കയറിയ മാഹിന്റെ പക്കൽ നിന്നു കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ട ഷാഡോ ഉദ്യോഗസ്ഥൻ ഉടൻ പട്രോളിംഗിൽ ഉണ്ടായിരുന്ന എക്സൈസ് സ്പെഷൽ സ്ക്വാഡിനെ വിവരം അറിയിക്കുകയും എക്സൈസ് സംഘം എത്തി മാഹിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
നാട്ടിലുള്ള ചെറുകിട കച്ചവടക്കാർക്കായി പല തവണ കഞ്ചാവ് എത്തിച്ച് നൽകിയിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതി എക്സൈസിനോട് സമ്മതിച്ചു. കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും വരും ദിവസങ്ങളിലും അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.