കൊച്ചി: സിനിമാ പ്രവര്‍ത്തകർ കഞ്ചാവുമായി പിടിയിലാകുന്ന സാഹചര്യത്തിൽ കൊച്ചിയിലെ ഷൂട്ടിംഗ് സൈറ്റുകളിലെല്ലാം നിരീക്ഷണം ശക്തമാക്കി എക്സൈസ് വകുപ്പ്. അടുത്തകാലത്തായി കഞ്ചാവ് കേസുകളില്‍ പിടിയിലാകുന്നവരില്‍ സിനിമാ പ്രവര്‍ത്തകരും വ്യാപകമായി ഉള്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും സിനിമാ നടനെയും കാമറാമാനെയും എക്സൈസ് പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശിയായ നടന് മിഥുൻ, കാമറാമാന് ബംഗളൂരു സ്വദേശി വിശാല്‍ എന്നിവരെയാണ് പിടികൂടിയത്.
ജമാലിന്റെ പൂവന്‍കോഴി എന്ന സിനിമയുടെ ചിത്രീകരണത്തിനായി കോഴിക്കോട് സ്വദേശിയായ നടനും ബംഗളൂരു സ്വദേശിയായ കാമറാമാനും ഫോര്‍ട്ടുകൊച്ചി ഫോര്‍ട്ട് നഗറിലുള്ള ഹോം സ്റ്റേയില്‍ കഴിഞ്ഞ രണ്ടുമാസമായി താമസിച്ചുവരികയായിരുന്നു.
സിനിമയിലെ നായകനായാണ് മിഥുന് അഭിനയിക്കുന്നത്. ചെറിയ ബജറ്റിലുള്ള സിനിമകളുടെയെല്ലാം ഷൂട്ടിംഗ് ഇപ്പോള്‍ കൊച്ചിയിലാണ് നടക്കുന്നത്. ഷൂട്ടിംഗ് സൈറ്റുകളില്‍ കഞ്ചാവ് സ്ഥിരമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് എക്സൈസ് അധികൃതർക്കു ലഭിച്ചിരിക്കുന്ന വിവരം. സിനിമാ പ്രവര്‍ത്തകര്‍ക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്നവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇവരെ പിടികൂടുന്നതിനായിട്ടാണ് ഷൂട്ടിംഗ് സൈറ്റുകളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.