ചെറായി: അയ്യന്പിള്ളി തറവട്ടത്ത് കഞ്ചാവ്, മദ്യ വേട്ട. ചെമ്മീൻ വളർത്ത് കേന്ദ്രത്തിലും പരിസരത്തെ വീട്ടിലുമായി ഒളിപ്പിച്ചുവച്ചിരുന്ന ഒരു കിലോ 200 ഗ്രാം കഞ്ചാവും 500 മില്ലിയുടെ 106 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 53 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 930 പാക്കറ്റ് ഹാൻസുമാണ് ഞാറക്കൽ എക്സൈസ് പിടികൂടിയത്. സാധനം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചെറായി മേക്കരത്തറ രാധാകൃഷ്ണൻ(39), വീട്ടുടമയായ അയ്യന്പിള്ളി മനപ്പിള്ളി കൊച്ചുതറ ജയ(49), ബന്ധു നികത്തുതറ അനിത(45) എന്നിവരാണ് കസ്റ്റഡിയിലായത്.
ഇന്നലെ വൈകുന്നേരം കൊച്ചി റേഞ്ച് സിഐ അഗസ്റ്റിൻ ജോസഫ്, ഞാറക്കൽ എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അയ്യന്പിള്ളി തറവട്ടം ഭാഗത്ത് നാളേറെയായി കഞ്ചാവും മയക്ക് മരുന്നും അനധികൃത മദ്യവും വില്പന നടക്കുന്നന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് എക്സൈസ് ഇവിടെ നിരീക്ഷണം ശക്തമാക്കിയിരുന്നു.
പിടിയിലായ രാധാകൃഷ്ണൻ ക്രിമിനൽ കേസിലെ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. പ്രതികൾക്കെതിരേ അബ്കാരി ആക്ടും നർകോട്ടിക് ആക്ടും അനുസരിച്ച് കേസെടുത്തിട്ടുണ്ട് . ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രിവന്റീവ് ഓഫീസർ കെ.ജി. വിജിനാഥ്, എക്സൈസ് ഉദ്യോഗസ്ഥൻമാരായ എം.എം. മഹേഷ്, എൻ.കെ. ബാബു, സ്മിതാ വർഗീസ്, മേഘ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.