കൊച്ചി: സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ നടപ്പാക്കുന്ന ഓപ്പറേഷൻ കിംഗ് കോബ്രയുടെ ഭാഗമായുള്ള പരിശോധനകൾ തുടരുന്പോൾ ഒരോ ദിനവും പോലീസ് തിരിച്ചറിയുന്നത് നിരവധി കാര്യങ്ങൾ. മുക്കിലും മൂലയിലും പടർന്ന കഞ്ചാവ് മാഫിയയുടെ തേരോട്ടം പോലീസ് പരിശോധനകൾ കർശനമാക്കിയതോടെ മറ്റ് മേഖലകൾ കേന്ദ്രീകരിക്കുന്നതായ സൂചനയാണ് അധികൃതർ നൽകുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതിയിൽനിന്നും ഇത്തരത്തിൽ ചില വിവരങ്ങൾ അധികൃതർക്ക് ലഭ്യമായെന്നാണു വിവരം.
മൂന്നു കിലോഗ്രാം കഞ്ചാവുമായി കൊല്ലം സ്വദേശിയായ മയക്കുമരുന്നു സംഘാംഗമാണ് കഴിച്ച ദിവസം പോലീസ് പിടിയിലായത്. കൊല്ലം കൊട്ടിയം സ്വദേശി വാസുദേവനാണ് (58) എറണാകുളം നോർത്ത് പോലീസിൻറെ പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ നടപ്പാക്കുന്ന ഓപ്പറേഷൻ കിംഗ് കോബ്രയുടെ ഭാഗമായി കണക്ട് ടു കമ്മീഷണർ ഓപ്പറേഷൻ വഴി കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ എറണാകുളം എസിപി പി.എസ്. സുരേഷ്, നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ റോജ് എന്നിവരുടെ നേതൃത്തിൽ നടന്ന ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്.
തിരിപ്പൂരിൽനിന്ന് 5000 രൂപയ്ക്ക് ഒരു കിലോ കഞ്ചാവ് വാങ്ങി ഏകദേശം 50,000 രൂപയ്ക്കാണ് ലഹരി സംഘം കൊച്ചിയിൽ വിൽക്കുന്നത്. 500 രൂപ വീതമുള്ള ചെറിയ പായ്ക്കറ്റുകൾ ആക്കിയാണു വിൽപ്പന. ട്രെയിനിലെത്തിയ പ്രതി നോർത്ത് റെയിൽവേ മേൽപ്പാലത്തിന് താഴെ സംഘത്തിലുള്ള ചെറുകിട കച്ചവടക്കാർക്കു കഞ്ചാവ് കൈമാറാൻ നിൽക്കുന്ന സമയത്താണു പിടിയിലാകുന്നത്.
അവധിക്കാലത്തു വീടുകളിൽ പോകാതെ കോളജ് ഹോസ്റ്റലുകളിൽ തങ്ങുന്ന വിദ്യാർഥികളെയും ലഹരിസംഘം ലക്ഷ്യമിടുന്നുണ്ടെന്നു പോലീസ് അറിയിച്ചു. ഇത്തരത്തിലുള്ള വിദ്യാർഥികളെ നിരീക്ഷിക്കാനൊരുങ്ങുകയാണ് പോലീസ്. വിദ്യാർഥികളെ മറയാക്കിയുള്ള കഞ്ചാവ് മാഫിയയുടെ പ്രവർത്തനം ഇല്ലാതാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും മാഫിയയുടെ തേരോട്ടം വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും അധികൃതർ പറഞ്ഞു.