ചാവക്കാട്: ലഹരി തടയാൻ പ്രത്യേക സ്ക്വാഡുമായി രംഗത്തിറങ്ങാൻ ലഹരിവിരുദ്ധ ജനകീയ കമ്മിറ്റി ഗുരുവായൂർ നിയോജകമണ്ഡലതല യോഗം തീരുമാനിച്ചു. വ്യാജമദ്യ ഉല്പാദനവും ഉപയോഗവും ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാൻ കുടുംബശ്രീയുടെയും വീട്ടമ്മമാരുടെയും സഹായത്തോടെയാണ് പ്രത്യേക സ്ക്വാഡ് രൂപീകരിക്കുക. ലഹരിവിൽപ്പന കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരം എക്സൈസ് അധികൃതരെ അറിയിക്കുന്നതിന് മുനിസിപ്പൽ ഓഫീസ് പരിസരത്ത് പെട്ടി സ്ഥാപിക്കും.
തീരപ്രദേശങ്ങൾക്കു പുറമെ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രത്യേകസംഘം പരിശോധന നടത്തും. സ്കൂൾ പരിസരങ്ങളിലും മറ്റും അനധികൃതമായി ലഹരി ഉല്പന്നങ്ങൾ വിൽക്കുന്ന കടകൾക്കെതിരെ കർശന നടപടിയെടുക്കും. ലഹരിസാധനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന സീസണിൽ പരിശോധന ശക്തമാകും. രാത്രികാല പട്രോളിംഗും ശക്തമാക്കാൻ യോഗം തീരുമാനിച്ചു.
കെ.വി. അബ്ദുൾ ഖാദർ എംഎൽഎ അധ്യക്ഷനായിരുന്നു. നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ, വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം.കെ. നബീൽ, പ്രസന്ന രണദിവെ, എം.കെ. ഭാസ്കരൻ, വേണുഗോപാൽ പാഴൂർ, എം.കെ. ഷംസുദ്ദീൻ, എസ്ഐ എ.വി. രാധാകൃഷ്ണൻ, എക്സൈസ് ഇൻസ്പെക്ടർ പി.വൈ. ചെറിയാൻ, പ്രിവന്റീവ് ഓഫീസർമാരായ പി.എ. ഹരിദാസ്, അനീഷ്കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.