കൊച്ചി: നഗരമധ്യത്തിൽ സ്വന്തം വീടിന്റെ ടെറസിൽ കഞ്ചാവു ചെടി നട്ടുവളർത്തിയ സംഭവത്തിൽ പിടിയിലായ യുവതിയെ റിമാൻഡ് ചെയ്തു. എറണാകുളം കതൃക്കടവ് വട്ടേക്കാട് റോഡ് ജോസണിൽ മേരി ആൻ ക്ലമന്റിനെ(37) ആണ് കഴിഞ്ഞ ദിവസം നോർത്ത് പോലീസ് പിടികൂടിയിരുന്നത്.
ആറുമാസം വളർച്ചയെത്തിയ ആറര അടി പൊക്കമുള്ള കഞ്ചാവു ചെടികളാണു മേരി ടെറസിൽ വളർത്തിയിരുന്നത്. പോലീസ് പരിശോധനയ്ക്കെത്തിയപ്പോൾ മേരിയും മാതാവും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്.
നോർത്ത് സിഐ കെ.ജെ. പീറ്ററിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ വിപിൻദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ടെറസിൽ കഞ്ചാവു ചെടി നട്ടതിനെക്കുറിച്ച് മേരിയുടെ മാതാവിന് അറിവുണ്ടായിരുന്നില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിൽ മാതാവിനെതിരേ കേസ് എടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
അതേസമയം യുവതിക്കെതിരെ എൻഡിപിഎസ് 22 ബി പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിതെന്നാണു പോലീസ് അധികൃതർ നൽകുന്ന സൂചന.
പോലീസിന്റെ ചോദ്യം ചെയ്യലിൽ സുഹൃത്ത് നൽകിയതാണു കഞ്ചാവ് ചെടികളെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. അതേസമയം ഇവർക്ക് ലഹരി ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.