കൊച്ചി: തൃപ്പൂണിത്തുറയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവുമായി എൻജിനീയറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാപ്പൻതോട്ടത്തിൽ കാക്കനാട്ടുപറന്പിൽ ഷോബിൻ (25) ആണ് പിടിയിലായത്. കൊച്ചിയിലെ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ടോടെ തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ടോൾ കേന്ദ്രത്തിനു സമീപത്തുനിന്ന് ഇയാളെ പോലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞ മാസം അഞ്ചുകിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ടുപേരെ തൃപ്പൂണിത്തുറ പോലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷോബിനെ ഒരു മാസമായി പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ബിരുദധാരിയായ പ്രതി ബംഗ്ളുരൂവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിനോക്കുകയാണ്. ഒറീസയിൽ നിന്ന് നേരിട്ട് കഞ്ചാവ് മൊത്തമായി വാങ്ങി ട്രെയിൻ മാർഗം ബംഗളൂരൂവിലെത്തുകയും തുടർന്ന് ആവശ്യക്കാരിലേക്ക് എത്തിക്കുകയുമായിരുന്നു ഇയാളുടെ രീതി.
മൂന്നു വർഷമായി ഇത്തരത്തിൽ കച്ചവടം തുടരുന്ന പ്രതി ഇതിനോടകം നൂറുകണക്കിന് കിലോ കഞ്ചാവ് സംസ്ഥാനത്തേക്കു കടത്തിയതായാണു വിവരം. കഴിഞ്ഞ വർഷം ജനുവരിയിൽ ആറു കിലോഗ്രാം കഞ്ചാവുമായി തൊട്ടിൽപാലം പോലീസ് പിടികൂടിയ പ്രതി ഈ കേസിൽ മൂന്നു മാസത്തോളം ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം ഇയാൾ വീണ്ടും കഞ്ചാവു കച്ചവടം തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോലീസിന്റെ പിടിയിലായതറിയാതെ ഇയാളുടെ ഫോണിലേക്കു നിരവധി പേരാണ് കഞ്ചാവിനായി വിളിച്ചുകൊണ്ടിരുന്നതെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിൽ വിളിച്ചവരെ സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം എക്സൈസ് ഇൻസ്പെക്ടർ ശശികുമാറിന്റെ സാന്നിധ്യത്തിൽ ദേഹപരിശോധന പൂർത്തിയാക്കിയശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹിൽപ്പാലസ് സിഐ പി.എസ്. ഷിജു, എസ്ഐ എസ്. സനൽ, ജൂണിയർ എസ്ഐ അനസ്, അഡീഷണൽ എസ്ഐ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. റിമാൻഡിൽ കഴിയുന്ന പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.പി. ഷംസ് വ്യക്തമാക്കി.