വൈക്കം: ടൂ വീലർ ഫുഡ് ഡെലിവറിയുടെ മറവിൽ തന്ത്രപരമായി കഞ്ചാവു വിറ്റുവന്ന പത്തംഗ സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. എറണാകുളം മരടിലെ ഫ്ളാറ്റിൽ മുറിയെടുത്തു കഞ്ചാവ് കച്ചവടം നടത്തിയിരുന്ന വൈക്കം പടിഞ്ഞാറ്റിൻചേരി കൊച്ചാലുങ്കൽ കെ. അനന്തു (21), വെച്ചൂർ ബിൽബി ഭവനിൽ ബിബിൻ(23), ചേർത്തല തണ്ണീർമുക്കം നോർത്ത് പടനിലത്ത് ജോസഫ് ടോം (22), തണ്ണീർമുക്കം നോർത്ത് കുന്നച്ചാൽ ഗോകുൽ തിലക് (22), ചേർത്തല കൊക്കോതമംഗലം വാരനാട് മണവേലിക്കര ചിറക്കത്തറ ജിതിൻ പോൾ (24), വെച്ചൂർ അച്ചിനകം കളരിക്കൽ തറയിൽ ബെൻ സുധീഷ് (22), വെച്ചൂർ പോത്താടിത്തറ എമിൽ സണ്ണി (24), വെച്ചൂർ ആഞ്ഞിലിക്കൽ ജിതിൻ ഷാജി (23), കുടവെച്ചൂർ ബിൽബി ഭവനിൽ ജിതിൻ ദേവസ്യ (23), അച്ചിനകം കളരിക്കൽ തറയിൽത്തറയിൽ സജിത്ത് ബോസ് (19) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വെച്ചൂർ ശാസ്തക്കുളം ജംഗ്ഷനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വൈക്കം കൊച്ചാലുങ്കൽ കെ.അനന്തു(21), വെച്ചൂർ ബിൽബി ഭവനിൽ ബിബിൻ (23)വരെ എക്സൈസ് ചോദ്യം ചെയ്തു പരിശോധിച്ചപ്പോൾ ഇവരുടെ പക്കൽനിന്ന് 120 ഗ്രാം കഞ്ചാവ് കണ്ടെടുത്തതോടെയാണ് ഫ്ളാറ്റ് കേന്ദ്രീകരിച്ചു കഞ്ചാവ് വിൽക്കുന്ന ഇവരുടെ കൂട്ടാളികളിലേക്ക് അന്വേഷണമെത്തിയത്.
വൈക്കം എക്സൈസ് ഇൻസ്പെക്ടർ എൻ.സി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി 9.30ന് എക്സൈസ് സംഘം സാഹസികമായി മരടിലെ ഫ്ളാറ്റിലെ മുറിയിൽ നടത്തിയ റെയ്ഡിൽ ജോസഫ് ടോം, ഗോകുൽ തിലക്, ജിതിൻ പോൾ, ബെൻ സുധീഷ്, പി. എമിൽ സണ്ണി, ജിതിൻ ഷാജി, ജിതിൻ ദേവസ്യ, സജിത്ത് ബോസ് എന്നിവർ പിടിയിലായി. ഒരു കിലോഗ്രാമിലധികം കഞ്ചാവും പ്രതികൾ ഉപയോഗിച്ചിരുന്ന കറുത്ത നിറമുള്ള ബൈക്കും പിടിച്ചെടുത്തു.
വിൽപനയ്ക്കു തയാറാക്കിയ അഞ്ച് ഗ്രാം വീതമുള്ള 168 പായ്ക്കറ്റുകളും പായ്ക്കറ്റിലാക്കാത്തതുമായ കഞ്ചാവാണ് പിടിച്ചെടുത്തത്. അഞ്ചു ഗ്രാം വരുന്ന പായ്ക്കറ്റ് 500 രൂപയ്ക്കാണു വിൽക്കുന്നത്. കഞ്ചാവ് വലിക്കാനായി നൂതനമായി നിർമിച്ച ഹുക്ക പോലുള്ള ഉപകരണവും പിടിച്ചെടുത്തു.
കോയന്പത്തൂരിൽനിന്നു പതിനായിരം രൂപയ്ക്കാണിവർ ഒരു കിലോഗ്രാം കഞ്ചാവ് വാങ്ങുന്നത്. വൈക്കം, വെച്ചൂർ ഭാഗങ്ങളിൽ സ്ഥിരം ഉപയോക്താക്കൾക്കാണ് കഞ്ചാവ് വിറ്റു വന്നത്. വാട്ട്സ്ആപിലൂടെ ബന്ധപ്പെട്ട് മൊബൈൽ ബാങ്കിംഗ് വഴി പണം സ്വീകരിച്ച ശേഷമാണ് കഞ്ചാവ് ബൈക്കുകളിൽ യുവാക്കൾ എത്തിച്ചു നൽകിയിരുന്നത്.
ഭക്ഷണം ഓർഡർ ചെയ്യുന്നവർക്കു വാഹനത്തിൽ എത്തിച്ചു നൽകുന്ന സ്ഥാപനം നടത്തുന്നവരെന്ന വ്യാജേനയാണിവർ മരടിലെ ഫ്ളാറ്റിൽ മുറിയെടുത്തത്. ഭക്ഷണത്തിന് ഓർഡർ ലഭിച്ചാൽ ഏതെങ്കിലും ഹോട്ടലിൽനിന്ന് ഇവർ വാങ്ങി നൽകുകയായിരുന്നു പതിവ്. വൈക്കം എക്സൈസ് ഇൻസ്പെക്ടർ എൻ.വി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.