കൊച്ചി: മയക്കുമരുന്നു കടത്തിനു മാഫിയകൾ പുതിയ തന്ത്രങ്ങൾ മെനയുന്നു. പെണ്‍കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്നുകൾ കടത്തുന്നത് വ്യാപകമാകുന്നതായി ഉദ്യോഗസ്ഥർ. പെണ്‍കുട്ടികൾ ഒപ്പമുണ്ടെങ്കിൽ വാഹന പരിശോധനകളിൽനിന്ന് ഉൾപ്പെടെ രക്ഷപ്പെടാമെന്ന വ്യാമോഹവും ഇത്തരം പ്രവർത്തികൾക്കു പിന്നിൽ മാഫിയ സംഘത്തിനുണ്ടെന്നാണു വിവരങ്ങൾ. ഇന്നലെ പെരുന്പാവൂരിലും കളമമേശരിയിൽനിന്നും പോലീസ് പിടികൂടിയ മയക്കുമരുന്നു കടത്തിനു പിന്നിലുള്ളവർക്ക് ഇത്തരത്തിൽ പെണ്‍കുട്ടികളുമായി ബന്ധമുണ്ട്. പെരുന്പാവൂരിലാകട്ടെ പെണ്‍കുട്ടി ഉൾപ്പെടെയാണു പിടിയിലായത്.
ബൈക്കിൽ കഞ്ചാവു കടത്തുന്നതിനിടെ ദന്പതികളാണു പെരുന്പാവൂർ പോലീസിന്റെ പിടിയിലായത്. തൊടുപുഴ ഏഴല്ലൂർ സ്വദേശി കളരിക്കൽ സബീർ (31), ഇയാളുടെ രണ്ടാം ഭാര്യ തൊടുപുഴ പുറപ്പുഴ സ്വദേശിനി ആനശേരി ആതിര (26) എന്നിവരെയാണ് ഡിസ്ട്രിക്ട് ആൻറി നർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് ടീമും പെരുന്പാവൂർ പോലീസും ചേർന്നു പിടികൂടിയത്. കൂവപ്പടി സ്വദേശി അനന്തപുരത്തിൽ വിഷ്ണുവി(29)നെയാണ് എൽഎസ്ഡി സ്റ്റാന്പുകളുമായി കളമശേരി ഭാഗത്തുനിന്ന് പോലീസ് പിടികൂടിയത്. ഐടി പ്രഫഷണലാണ് ഇയാൾ.
ഗോവ, ബംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് ശൃംഖലയുടെ കണ്ണിയാണ് ഇയാളെന്ന് ചോദ്യം ചെയ്യലിൽനിന്നു മനസിലായതായി പോലീസ് പറഞ്ഞു. വിഷ്ണുവിന്റെ പെണ്‍സുഹൃത്തിനെയും ഇവരെ കച്ചവടത്തിനു സഹായിക്കുന്ന ഭിന്നലിംഗക്കാരെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇവരും ഉടൻ വലയിലായേക്കും.
നെട്ടൂരിൽ ലഹരി മാഫിയയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്നു ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ തുടങ്ങിയ പ്രത്യേക ഓപ്പറേഷനിലാണു വിഷ്ണു പിടിയിലായത്.
പെരുന്പാവൂരിലെ കേസിൽ പ്രതികളുടെ പക്കൽനിന്ന് പതിനഞ്ച് കിലോയോളം കഞ്ചാവാണു പോലീസ് പിടിച്ചെടുത്തത്. തമിഴ്നാട് തിരുപ്പൂരിൽനിന്നു ന്യൂജനറേഷൻ ബൈക്കിൽ ട്രാവൽ ബാഗിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. പാലിയേക്കര മുതൽ പെരുന്പാവൂർ വരെ വിവിധയിടങ്ങളിൽ പോലീസ് സംഘം നിലയുറപ്പിച്ച് നിരീക്ഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്. കഴിഞ്ഞ ആറ് മാസമായി തിരുപ്പൂരിൽനിന്നു കഞ്ചാവ് കടത്തി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മൊത്തക്കച്ചടവടം നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
പെരുന്പാവൂർ ഡിവൈഎസ്പി കെ. ബിജുമോൻ, സിഐ പി.എ. ഫൈസൽ, എസ്ഐമാരായ ബേസിൽ തോമസ്, കെ.പി. എൽദോസ്, എഎസ്ഐമാരായ നിസാർ, പി.എ. ഷാജി, രാജേന്ദ്രൻ, സജീവ് ചന്ദ്രൻ, എസ്സിപിഒമാരായ ദിലീപ്, രാജീവ്, വിനോദ്, സുനിൽ, സിപിഒമാരായ ശ്യാംകുമാർ, ജാബിർ, രഞ്ജിത്ത്, മനോജ് കുമാർ, ഡബ്ലിയുസിപിഒ അഞ്ജു സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.