നിലന്പൂർ: വേങ്ങര കാരാത്തോട് സ്വദേശിയായ ഓട്ടോ ഡ്രൈവറെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയ സംഭവത്തിലെ സൂത്രധാരൻ നിലന്പൂർ പോലീസിന്റെ പിടിയിലായി. വേങ്ങര കാരാത്തോട് പാണ്ടിക്കടവത്ത് അബു താഹിർ (35) ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ജൂണ് 22ന് പുലർച്ചെയായിരുന്നു സംഭവം. വേങ്ങരയിലെ യുണൈറ്റഡ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ അടിപിടിയും വാക്ക് തർക്കവുമുണ്ടായിരുന്നു.
മറു ചേരിയിലുള്ള യുവാവിനെ കുടുക്കാൻ മണ്ണ്മണൽക്വാറി ഇടപാട് നടത്തുന്ന അബു താഹിർ മുന്നിട്ടിറങ്ങുകയായിരുന്നു. ഇരുവിഭാഗങ്ങൾ തമ്മിൽ അടിപിടിയും വഴക്കും സാധാരണയായിരുന്നു. വേങ്ങര എസ്ഐക്ക് വന്ന ഫോണ് കോളിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. എസ്ഐക്ക് വിവരം നൽകിയത് അബുതാഹിർ ആയിരുന്നു. അന്ന് തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും പരിചയക്കാരായ മറ്റ് പോലീസുകാരെയും വിളിച്ച് ഇതേ വിവരം നൽകിയിരുന്നു.
അറസ്റ്റിലായ ഫാജിദ് എന്ന യുവാവിനെ വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. യുവാവിനെ ചതിയിൽ പെടുത്തിയതാകാം എന്ന നിഗമനത്തിൽ കോടതി സംശയത്തിന്റെ ആനുകൂല്യത്തിൽ ജാമ്യത്തിൽ വിട്ടു.
ജാമ്യത്തിലിറങ്ങിയ ശേഷം യുവാവ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ സൂത്രധാരൻ പിടിയിലാകുന്നത്. കഴിഞ്ഞ ഡിസംബറിൽ വേങ്ങര സ്വദേശികളായ ആലന്പറ്റ ഭരതൻ(35), ചക്കിങ്ങത്തൊടി കബീർ(28) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. ഇതോടെ പ്രധാന സൂത്രധാരനായ അബു താഹിർ ഒളിവിൽ പോകുകയായിരുന്നു.
മൂന്ന് മാസത്തോളം ഒളിവിൽ കഴിഞ്ഞ അബുതാഹിർ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യവും നേടിയിരുന്നു. കോടതി നിർദ്ദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ എം.പി.മോഹനചന്ദ്രന്റെ മുന്നിൽ ഇന്നലെ കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മൂന്ന് മാസക്കാലം ആഴ്ച്ചയിൽ ഒരു ദിവസം ഡിവൈഎസ്പി മുൻപാകെ ഹാജരാകാനും ഒരു ലക്ഷം രൂപ വീതം രണ്ട് ആൾ ജാമ്യത്തിലുമാണ് കോടതി മുൻകൂർ ജാമ്യമനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
തൃശ്ശൂർ റേഞ്ച് ഐജിക്ക് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഡിവൈഎസ്പിയെ കൂടാതെ എസ്ഐ ആന്റണി, എഎസ്ഐമാരായ സി.പി.മുരളി, സി.പി.സന്തോഷ്, എം.അസൈനാർ, സതീഷ് കുമാർ, സിപിഒമാരായ കൃഷ്ണകുമാർ, മനോജ്, എൻ.പി.സുനിൽ, പ്രദീപ്, ശശികുമാർ തിരുവാലി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.