ഏതാനും ദിവസം മുന്‍പ് കൊടുങ്ങല്ലൂരിൽ ഒരു കഞ്ചാവ് കേസ് അറസ്റ്റ് നടന്നു. പ്രതികളേക്കാൾ ആ കേസിലെ ഏറ്റവും ഞെട്ടിക്കുന്ന കാര്യം കഞ്ചാവ് വാങ്ങിയിരുന്നവരാണ്. സ്കൂൾ വിദ്യാർഥിനികളാണ് ഈ കഞ്ചാവ് ലോബിയിൽ നിന്നും കഞ്ചാവ് വാങ്ങിയിരുന്നത്. കേരളത്തിലെ യുവതലമുറ അപകടകരമായ ലഹരിമരുന്നുകളുടെ മയക്കത്തിലാണെന്ന് പറയാറുണ്ടെങ്കിലും അതിൽ പെണ്‍കുട്ടികളും പെട്ടുപോയിരിക്കുന്നുവെന്നത് അന്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന കാര്യമാണ്.
പുതിയ കുറ്റകൃത്യങ്ങളിലെല്ലാം പ്രതിസ്ഥാനത്ത് നിൽക്കുന്ന സോഷ്യൽമീഡിയ ഇവിടെയും പ്രതിക്കൂട്ടിലാണ്. ഫേസ് ബുക്ക് വഴി പരിചയപ്പെട്ടവരാണ് കൊടുങ്ങല്ലൂരിലെ വിദ്യാർഥിനികൾക്ക് കഞ്ചാവ് വിറ്റിരുന്നത്. ഒരു കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് കാണാലോകങ്ങളിലെ അറിയാത്ത ആളുകൾ വിരിക്കുന്ന അപകടകരമായ വലകളിൽ കുടുങ്ങുന്ന ഇരകളിൽ ഇപ്പോൾ കൂടുതലും പെണ്‍കുട്ടികളാണെന്നതാണ് പേടിപ്പെടുത്തുന്ന വസ്തുത.
ആണ്‍കുട്ടികളേക്കാൾ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി മയക്കുമരുന്ന് ലോബിയുടെ ഭാഗമാക്കാൻ എളുപ്പം കഴിയുമെന്നും തുടർന്ന് കൂടുതൽ പേരെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ നെറ്റ് വർക്കിലേക്ക് ചേർക്കാൻ ഈ പെണ്‍കുട്ടികൾ വഴി സാധിക്കുമെന്നും മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായവർ പറയുന്നു.
ആണ്‍കുട്ടികൾ കഞ്ചാവും മയക്കുമരുന്നും പുതിയ തരത്തിലുള്ള ലഹരി ഉത്പന്നങ്ങളും ഉപയോഗിക്കുന്നത് പുറത്തറിയാറുണ്ടെങ്കിലും പെണ്‍കുട്ടികൾ ഇത്തരം മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത് പുറത്തറിയാറില്ല. ആണ്‍കുട്ടികളേക്കാൾ ഇക്കാര്യത്തിൽ രഹസ്യസ്വഭാവം സൂക്ഷിക്കുന്നവരാണ് പെണ്‍കുട്ടികളെന്നും അവരെ ആരും സംശയിക്കാത്തതുകൊണ്ടുതന്നെ ഒന്നും പുറത്തറിയില്ലെന്നും കഞ്ചാവ് മാഫിയകൾ കണക്കുകൂട്ടുന്നു.
എന്നാൽ പെണ്‍കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവരിൽ ശ്രദ്ധചെലുത്തുകയും ചെയ്യുന്ന അധ്യാപക സമൂഹവും ഉത്തരവാദിത്വബോധമുള്ള രക്ഷിതാക്കളും ഇവിടെയുള്ളിടത്തോളം ലഹരിമാഫിയയുടെ വേരുകൾക്ക് പെണ്‍കുട്ടികളിൽ ആഴ്ന്നിറങ്ങാൻ സാധിക്കില്ലെന്നതാണ് കൊടുങ്ങല്ലൂരിലെ അറസ്റ്റ് തെളിയിക്കുന്നത്.
സ്കൂൾ വിദ്യാർഥിനികൾ സിഗരറ്റ് വലിക്കുന്നുവെന്ന് മനസിലാക്കിയ ഇവരുടെ അധ്യാപകരാണ് ഈ കഞ്ചാവ് മാഫിയയെ കുരുക്കിയത്. അധ്യാപകർ കുട്ടികളെ വിളിച്ച് വിശദമായി ചോദ്യം ചെയ്യുകയും കാര്യങ്ങൾ നയത്തിൽ ചോദിച്ചറിയുകയും ചെയ്തപ്പോൾ കുട്ടികൾ സത്യങ്ങൾ പറഞ്ഞു. തങ്ങൾ ഫേസ്ബുക്ക് വഴി പരിചയപ്പെട്ടവരാണ് തങ്ങളെ കഞ്ചാവ് ഉപയോഗത്തിലേക്ക് എത്തിച്ചതെന്നും അവരാണ് തങ്ങൾക്ക് ലഹരിമരുന്ന് തരുന്നതെന്നും കുട്ടികൾ പറഞ്ഞപ്പോൾ അധ്യാപകരും ഞെട്ടി.
ഇത് കൊടുങ്ങല്ലൂരിലെ മാത്രം കഥയല്ലെന്നതാണ് എക്സൈസും പോലീസും അനുമാനിക്കുന്നത്. കേരളമെന്പാടും വലവിരിച്ചിരിക്കുന്ന ലഹരിമാഫിയയുടെ ഇരകളായി പെണ്‍കുട്ടികൾ പെട്ടുകിടക്കുന്നുണ്ടെന്ന വ്യക്തമായ സൂചനയാണ് കൊടുങ്ങല്ലൂർ കേസ് നൽകുന്നത്.
ആണ്‍കുട്ടികൾ പല കേസുകളിലും പിടിക്കപ്പെടാറുണ്ടെങ്കിലും പെണ്‍കുട്ടികൾ ഇത്തരം കേസുകളിൽ പിടിയിലാകുന്നത് അപൂർവമാണ്. ബംഗളുരുവിലും ചെന്നൈയിലുമൊക്കെ പഠനത്തിനും ജോലിക്കുമായി പോകുന്ന മലയാളി പെണ്‍കുട്ടികളും ലഹരിമാഫിയകളുടെ നോട്ടപ്പുള്ളികളാണ്.
അവരെ കൂടി ഈ നെറ്റ് വർക്കിൽ ഉൾപ്പെടുത്താൻ കേരളത്തിലെ പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തുന്ന തരത്തിലാണ് അറ്റം കണ്ടെത്താൻ സാധിക്കാത്ത ലഹരിമാഫിയയുടെ നിഗൂഢമായ ഓപ്പറേഷനുകൾ.തങ്ങളുടെ വലയിൽ പെട്ടുപോകുന്ന പെണ്‍കുട്ടികളെ ഒരു ഘട്ടം കഴിയുന്പോൾ ലഹരിമരുന്ന് കടത്തിന്റെ കാരിയർമാരായി ഈ മാഫിയകൾ ഉപയോഗിക്കുന്നുണ്ടെന്നതാണ് മറ്റൊരു അപകടകരമായ കാര്യം.
മയക്കുമരുന്ന് കിട്ടാൻ പണം തികയാതെ വരുന്പോഴാണ് മയക്കുമരുന്ന് വിൽപ്പനക്കാർ കാരിയർമാരായിക്കൂടെ എന്ന ഓഫർ മുന്നോട്ടുവയ്ക്കുന്നത്. പറയുന്ന സ്ഥലത്ത് സാധനം എത്തിച്ചാൽ സ്റ്റഫും പണവും കിട്ടുമെന്ന വാഗ്ദാനത്തിൽ പെണ്‍കുട്ടികൾ വീഴാൻ കുറച്ച് താമസമുണ്ടത്രെ. എന്നാൽ പെണ്‍കുട്ടികൾ കാരിയർമാരാകുന്പോൾ ആണ്കാരിയർമാരേക്കാൾ സുരക്ഷിതമാണെന്നാണ് കഞ്ചാവ് കേസിൽ പിടിയിലായവർ പറയുന്നത്.
പെണ്‍കുട്ടികൾ വളരെ കൂളായി ബസിലും ഓട്ടോയിലും മറ്റും ഇത് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് സേയ്ഫായി കടത്തും. പെണ്‍കുട്ടികളെ പരിശോധിക്കലും വളരെ കുറവാണ്. ഇതുതന്നെയാണ് മാഫിയകൾ മുതലെടുക്കുന്നത്.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ആഴത്തിൽ വേരിറങ്ങിയ ലഹരിമാഫിയയുടെ വേരുകളറുക്കാൻ ഒരുകാലത്തും കഴിയാത്ത സാഹചര്യത്തിൽ നമ്മുടെ കുട്ടികളെ ഇതിൽ പെടാതെ സൂക്ഷിക്കുകയെന്നത് മാത്രമാണ് സംരക്ഷണത്തിനുള്ള പോംവഴി. ജാഗ്രതയോടെ കണ്ണിമചിമ്മാതെ നോക്കിയിരിക്കുക. അവർ ആ വലയിൽ പെട്ടുപോകാതിരിക്കാൻ. അതുമാത്രമേ രക്ഷയുള്ളു.