സ്വന്തം ലേഖകൻ
തൃശൂർ: ലീഡർ കെ. കരുണാകരന്റെ സഹായി അന്തിക്കാട് ബാലനു 95 ാം പിറന്നാൾ. അന്തിക്കാടു ബാലൻ എന്നതിനേക്കാൾ ’കഞ്ഞി ബാലൻ’ എന്ന പേരാണ് അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കിയത്. എങ്ങനെ ആ പേരുണ്ടായെന്ന് പലരും തല പുകച്ചിട്ടുണ്ട്.
ബാലനെ ഇന്നു തൃശൂർ പൗരാവലി ആദരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സത്യൻ അന്തിക്കാട്, പത്മജ വേണുഗോപാൽ, തേറന്പിൽ രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വൃന്ദാവൻ ഓഡിറ്റോറിയത്തിൽ ആദരണിയം സാംസ്കാരിക പൗരാവലിയുടെ ആഭിമുഖ്യത്തിലാണു പരിപാടി സംഘടിപ്പിച്ചത്.
കെ. കരുണാകരൻ എംഎൽഎ യും മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ സന്തത സഹചാരി. തൃശൂരിൽ വന്നാൽ ഗുരുവായൂർ യാത്രയിലും രാമനിലയം താമസത്തിലും കരുണാകരനൊപ്പം ബാലേട്ടനുണ്ടാകും.
കോട്ടപ്പുറം വൈദ്യുതി ഭവനു സമീപം അന്തിക്കാട്ട് വീട്ടിൽ വേലായുധന്റെയും നാരായണിയുടെയും മകനായി മാർച്ച് 12 നാണു ജനിച്ചത്. തൃശൂരിൽ കോട്ടപ്പുറത്ത് ബാലേട്ടന്റെ വീട്ടിലാണ് കരുണാകരൻ വാടകയ്ക്ക് താമസിച്ചത്. 35 രൂപ വാടക. അങ്ങെ ബാലൻ അയൽക്കാരനായി.
സീതാറാം മിൽ തൊഴിലാളി നേതാവായ കരുണാകരൻ വഴി സീതാറാം മില്ലിൽ ബാലന് രാത്രി വാച്ച്മാൻ ജോലികിട്ടി. ഐഎൻടിയുസി നേതാവായിരുന്നതിനാൽ അക്കാലത്ത് കെ. കരുണാകരൻ ഇടക്കിടെ കേരളത്തിന് പുറത്ത് പോകുമായിരുന്നു. മാസത്തിൽ പത്തു ദിവസം മാത്രമാണ് കരുണാകരൻ വീട്ടിൽ വരാറുള്ളത്.
അന്നു കരുണാകരന്റെ വീട്ടുകാര്യങ്ങളിലും സഹായിയായിരുന്നു ബാലൻ. തനിക്ക് സഹോദരതുല്യം സ്നേഹമാണ് കല്യാണികുട്ടിയമ്മ നൽകിയിരുന്നതെന്ന് ബാലൻ പറഞ്ഞു. കെ. മുരളീധരനും പത്മജയും കുട്ടികളായിരുന്ന കാലത്ത് അവരുടെ കാര്യം നോക്കിയിരുന്നതും ബാലനാണ്.
ബാലൻ എപ്പോഴും കൂടെയുണ്ടായിരുന്നതിനാൽ ചിലർ വിളിക്കുക ബാലൻനായർ ബാലൻ മേനോൻ എന്നാണ്. നായരല്ലാതായിരുന്നിട്ടും ഇങ്ങനെ ഉള്ള വിളി കേൾക്കുന്പോൾ ബാലൻ കല്യാണിക്കുട്ടിയമ്മയെ നോക്കും. കല്യാണികുട്ടിയമ്മ പറയും: അവർക്ക് ഇഷ്ടമുള്ളത് വിളിച്ചോട്ടേ ബാലാ എന്ന്.
കടുത്ത സിഗരറ്റുവലി കരുണാകരന് അൾസർ ഉണ്ടാക്കിയിരുന്നു. അക്കാലത്ത് ഗോതന്പു കഞ്ഞിയും പാലുമായിരുന്നു കരുണാകരന്റെ ഭക്ഷണം. ആഹാര കാര്യം ബാലൻ കൃത്യമായി നോക്കി. അങ്ങനെ ’കഞ്ഞി ബാലൻ’ എന്ന പേരും വീണു.
എത്ര അടുപ്പമുണ്ടെങ്കിലും സാന്പത്തികമായ ഇടപാടുകൾ ബാലൻ ഇടപെട്ട് നടത്തിയിട്ടില്ല. ആർക്കുവേണ്ടിയും ലീഡറോട് ശിപാർശയും നടത്താറില്ല. അഴിമതി ആരോപണത്തെ ഭയമായിരുന്നു. അതുകൊണ്ട് ചാൻസ്കിട്ടിയിട്ടും വിദേശത്തുപോലും പോയില്ല.
ലീഡർ പ്രതാപകാലത്ത് രാമനിലയത്തിൽ വന്നപ്പോഴൈാക്കെ സന്ദർശകരെ നിയന്ത്രിച്ചിരുന്നതും ബാലൻ ആയിരുന്നു. ചിലപ്പോൾ നേതാക്കൾ പിറുപിറുക്കും, ബാലൻ കാണാതെ, കേൾക്കാതെ. കണ്ടാൽ കേട്ടാൽ ആ നേതാവിന്റെ പ്രവേശനം നീളും.
കോട്ടപ്പുറത്ത് ’അന്തിക്കാട്ടു’വീട്ടിൽ ഭാര്യക്കൊപ്പം വിശ്രമജീവിതം നയിക്കുകയാണ് ബാലൻ. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച രവീന്ദ്രൻ, ലക്ഷ്മിമിൽ ഉദ്ദ്യോഗസ്ഥനായിരുന്ന ശശിധരൻ, കോണ്ട്രാക്ടർ ഗംഗാധരൻ, ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥ വാസന്തി, ബഹറിനിൽ എഞ്ചിനീയർ ആയ ഗിരിധരൻ എന്നിവരാണ് മക്കൾ.