മുക്കം: ജില്ലയിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലായതിന് പിന്നാലെ പോഷകാഹാര വിതരണവും പ്രതിസന്ധിയില്‍. പാല്, മുട്ട, ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികള്‍, പലവ്യജ്ഞനങ്ങള് എന്നിവ വാങ്ങുന്നതിനും ഗ്യാസ് സിലിണ്ടറിനുമുള്ള ഫണ്ട് ഇതുവരെ സ്കൂള്‍ അക്കൗണ്ടില്‍ എത്തിയിട്ടില്ല. മുന്‍ വര്‍ഷങ്ങളിലും കഴിഞ്ഞ മാസം വരെയും ഒന്നാം തിയ്യതിക്ക് മുന്‍പായി ഈ തുക അക്കൗണ്ടില്‍ എത്തിയിരുന്നു.
ഇതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രധാനാധ്യാപകര്‍ . ഈ മാസം 24 ദിവസം കഴിഞ്ഞിട്ടും പണമെത്തിയിട്ടില്ലന്ന് മാത്രമല്ല എന്ന് ലഭിക്കുമെന്നതിനെ കുറിച്ച് വ്യക്തമായ വിവരവും ആര്‍ക്കും അറിയില്ല. ഇത്രയും ദിവസം കടം വാങ്ങി മുന്നോട്ട് പോയവരൊക്കെ കടക്കാര് പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ വലിയ പ്രതിസന്ധിയിലാണ്. അതിനിടക്കാണ് അരി കൂടി ലഭ്യമല്ലാതായിരിക്കുന്നത്.
ശരാശരി 300 കുട്ടികള്‍ പഠിക്കുന്ന ഒരു സ്കൂളിന് 50,000 രൂപയാണ് പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, മുട്ട, പാല് എന്നിവയ്ക്കായി ഒരു മാസം ചിലവ്. ഇത്രയും വലിയ തുകയാണ് പ്രധാനാധ്യാപകരുടേയും പിടിഎ കമ്മറ്റികളുടേയും തലയിലായിരിക്കുന്നത്. ഇനി ഒരാഴ്ചക്കകം തന്നെ ഈ മാസത്തെ പണം ലഭിച്ചാല്‍ തന്നെ തുടര്‍ന്നുള്ള മാസങ്ങളിലേതിനെ സംബന്ധിച്ചും ആശയക്കുഴപ്പം തുടരുകയാണ്. പല സ്കൂളുകളിലും നടപ്പാക്കിയ പ്രഭാത ഭക്ഷണത്തിനുള്ള തുകയില്‍ നിന്നാണിപ്പോള്‍ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കി വരുന്നത്.
അതോടെ പ്രഭാത ഭക്ഷണ വിതരണവും അലങ്കോലമായി. ഇതോടെ ഈ ഭക്ഷണത്തെ ആശയിച്ചു കഴിഞ്ഞിരുന്ന പാവപ്പെട്ട വിദ്യാര്‍ഥികളും ദുരിതത്തിലായിരിക്കുകയാണ്. അതേ സമയം ഉച്ചഭക്ഷണ വിതരണത്തിലെ പ്രതിസന്ധിക്ക് ഇന്നലെയും പരിഹാരമായില്ല. മാവേലി സ്റ്റോറുകളില്‍ ഇന്നലെയുംഅരി എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓണാവധി കഴിഞ്ഞ ഉടനെ തന്നെ പല സ്കൂളുകളിലേയും അരി തീര്‍ന്നിരുന്നു. തുടര്‍ന്ന് അരിക്കായി പ്രധാനാധ്യാപകര്‍ ബന്ധപ്പെട്ടപ്പോഴാണ് മാവേലി സ്റ്റോറില്‍ അരിസ്റ്റോക്കില്ലന്ന വിവരം അറിയുന്നത്.
അരി മാവേലി സ്റ്റോറില്‍ നിന്ന് ലഭിക്കുമ്പോള്‍ പലചരക്ക് സാധനങ്ങളും മുട്ടയും പാലും ലോക്കല്‍ പര്‍ച്ചേസ് നടത്തി വാങ്ങി വരികയും ചെയ്യുന്നു.150 കുട്ടികള്‍ വരെയുള്ള സ്കൂളുകള്‍ക്ക് ഒരു കുട്ടിക്ക് പല വ്യജ്ഞന സാധനങ്ങള്‍ക്കും ആഴ്ചയില്‍ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും വാങ്ങുന്നതിനായി എട്ട് രൂപയാണ് നല്‍കുന്നത്.
ഈ എട്ട് രൂപ കൊണ്ടാണ് അഞ്ച് ദിവസം വ്യത്യസ്ത കറികള്‍, ഉപ്പേരികള്‍, രണ്ട് ദിവസം പാല്, ഒരു ദിവസം മുട്ട എന്നിവ നല്‍കേണ്ടത്. 150 മുതല്‍ 350 വരെ കുട്ടികളുള്ള സ്ക്കൂളുകള്‍ക്ക് ഒരു കുട്ടിക്ക് ഏഴ് രൂപയും 350ല്‍ കൂടുതല്‍ വിദ്യാര്‍ഥികളുള്ള സ്കൂളുകള്‍ക്ക് ഒരു കുട്ടിക്ക് ആറു രൂപയുമാണ് നല്‍കുന്നത്. ഈ പണം തന്നെ അപര്യാപ്തമായ അവസ്ഥയിലാണ് ഇപ്പോള്‍ അരി കൂടി മുടങ്ങിയിരിക്കുന്നത്.