വൈപ്പിൻ: തീരദേശത്ത് വീടു നിർമാണം നിഷേധിക്കുന്നതിനെതിരേ തീരവാസികൾ നടുറോഡിൽ കഞ്ഞി വച്ച് അത്താഴം ഉണ്ട് കിടപ്പ് സമരം നടത്തി.
തീരദേശ പരിപാലന നിയമത്തിന്റെ ഭേതഗതി ആനുകൂല്യം നിഷേധിക്കുന്ന കേരള തീരദേശ പരിപാലന അതോറിറ്റിയുടെ നിഷേധാത്മക നിലപാടിനെതിരേ സിആർഇസഡ് ആക്ഷൻ കൗൺസിൽ റോഡിൽ ആണ് വ്യത്യസ്ഥമായ സമരം സംഘടിപ്പിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചിന് എടവനക്കാട് പഞ്ചായത്താഫീസിനു മുന്നിൽ വൈപ്പിൻ സംസ്ഥാന പാതയോരത്താണ് സമരം നടത്തിയത്.
2019 ലെ പൂർണ നിയമത്തിലെ പോരായ്മകൾ പരിഹരിച്ച് കേന്ദ്ര സർക്കാർ 2020 ൽ പ്രസിദ്ധീകരിച്ച ഭേതഗതി പ്രകാരം ഉള്ള ഇളവുകൾ നൽകാൻ കേരള തീരദേശ പരിപാലന അഥോറിറ്റി കൂട്ടാക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ജനങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വരുന്നില്ലെന്നുമാണ് തീരദേശവാസികളുടെ ആരോപണം.
ഇതു മൂലം കടലോരത്തും പൊക്കാളി പാടശേഖരങ്ങളുടെ സമീപത്തും വീടു വെക്കാൻ അനുമതി കിട്ടാതെ ആയിരക്കണക്കിന് ദരിദ്രകുടുംബങ്ങൾ വലയുകയാണത്രേ. സമരം മുൻ എംഎൽഎ വി. ദിനകരൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ വി. സലിഹരൻ അധ്യക്ഷനായി.