തൃശൂർ: വേനൽചൂടിൽ പൊരിയുന്നവർക്ക് ആശ്വാസവും ഉൗർജവും നൽകാൻ സ്വദേറിയ പഴങ്കഞ്ഞി കിട്ടുന്ന ഒരു തട്ടുകട. തൃശൂർ പുഴയ്ക്കലിൽനിന്ന് അയ്യന്തോളിലേക്കുള്ള വഴിയിലാണ് മലയാളിയുടെ ഫുഡ് ലിസ്റ്റിൽനിന്നു മാഞ്ഞുപോയ പഴങ്കഞ്ഞി കിട്ടുന്ന തട്ടുകടയുള്ളത്. രാവിലെ ഏഴു മുതൽ പത്തുവരെ മാത്രമേ ഇവിടെ പഴങ്കഞ്ഞി കിട്ടുകയുള്ളൂ. അടാട്ട് സ്വദേശി രഞ്ജിത്താണ് ചൂടുകാലത്ത് ആശ്വാസമായി പഴങ്കഞ്ഞി വിളന്പുന്നത്.
നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. മിക്കവരും കേട്ടറിഞ്ഞെത്തുന്നവരാണ്. തലേദിവസം രാത്രി എട്ടോടെ കഞ്ഞി വേവിച്ചുവയ്ക്കും. പിറ്റേന്നു രാവിലെ ആവശ്യക്കാരെത്തുന്പോൾ മണ്ണുകൊണ്ടുള്ള ചെറിയ ഉരുളിയിൽ പഴങ്കഞ്ഞി കൊടുക്കും.
മണ്ണുരുളിയിൽ തണുത്ത കഞ്ഞിക്കൊപ്പം കൊള്ളിക്കറിയും തൈരും ഒഴിച്ചുചേർത്താണു വിളന്പുക. കൂടെ തൊട്ടുകൂട്ടാനായി ഉള്ളിച്ചമ്മന്തി, സബോള വരട്ടിയത്, മീൻ വറുത്തത്, ഉപ്പേരി, അച്ചാർ, മീൻകറി എന്നിവയുമുണ്ടാകും.
പഴങ്കഞ്ഞിയുടെ പോഷകഗുണം തിരിച്ചറിഞ്ഞ പുതുതലമുറയിൽ പെട്ടവരും ഇവിടെ പഴങ്കഞ്ഞി തേടിയെത്തുന്നുണ്ട്. ലോകാരോഗ്യ സംഘടന തന്നെ പഴങ്കഞ്ഞിയെ ഏറ്റവും കൂടുതൽ അന്നജവും ഉൗർജവുമുള്ള ഭക്ഷണമെന്ന് സാക്ഷ്യപ്പെടുത്തുന്നതിന് എത്രയോ മുൻപു തന്നെ നമ്മുടെ പൂർവികർ പഴങ്കഞ്ഞിയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞിരുന്നു.
ഇഡ്ഡലിയും ദോശയും ഉപ്പുമാവും പിന്നീട് ന്യൂഡിൽസും ബർഗറുമൊക്കെ പ്രഭാതഭക്ഷണമായി തീൻമേശയിൽ ഇടം പിടിച്ചപ്പോൾ അടുക്കളയ്ക്കു പുറത്തുപോയ പഴങ്കഞ്ഞി ഈയിടെ വീണ്ടും മലയാളിയുടെ മെനുവിൽ പൂർവാധികം ശക്തിയോടെ തിരിച്ചെത്തുകയാണ്. പുഴയ്ക്കലിലെ തട്ടുകടയിൽ ഇന്നത്തെ സ്പെഷൽ ആയി പഴങ്കഞ്ഞി വിളന്പുന്നതും അതുകൊണ്ടുതന്നെ.
കെ.കെ.അർജുനൻ