കാഞ്ഞിരപ്പള്ളി: കോവിഡ് ആശങ്ക നിലനിൽക്കുന്പോഴും കാഞ്ഞിരപ്പള്ളി ടൗണിൽ തിരക്കിനു കുറവില്ല. താലൂക്കിലെ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കുറയുകയും നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ചെയ്തതോടെയാണ് ടൗണിൽ തിരക്കുകൂടിയത്.
കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, മണിമല പഞ്ചായത്തുകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിന് കുറവുവന്നത് പ്രദേശത്ത് ആശ്വാസമായിട്ടുണ്ട്.
നിലവിൽ എരുമേലി പഞ്ചായത്തിലാണ് കോവിഡ് രൂക്ഷമായിരിക്കുന്നത്. പഞ്ചായത്തിലെ 20, 22 വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.
മുണ്ടക്കയം, എരുമേലി പ്രദേശങ്ങളിലുള്ളവർ വിവിധ ആവശ്യങ്ങൾക്കായി കാഞ്ഞിരപ്പള്ളി ടൗണിലേക്കാണ് കൂടുതലായും എത്തുന്നത്. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് കുറച്ചതോടെ ആളുകളെല്ലാം സ്വകാര്യ വാഹനത്തിലാണ് ടൗണിലേക്ക് എത്തുന്നത്.
ഇതോടെ രാവിലെ മുതൽ ടൗണിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. ടൗണിലും വ്യാപാരസ്ഥാപനങ്ങളിലും അധികൃതരുടെ പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് കർശന നിർദേശമുണ്ട്. അതിനാൽ മിക്ക സ്ഥാപനങ്ങളിലും വരുന്നവരുടെ പേരുവിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്യുന്നുണ്ട്. മാസ്ക് ധരിക്കാത്തവർക്കെതിരെയും സാമൂഹികഅകലം പാലിക്കാത്തവർക്കെതിരേയുമാണ് കേസെടുക്കുന്നത്. മുന്നറിയിപ്പുകളും ബോധവത്കരണവും കാര്യമായിട്ടുണ്ടെങ്കിലും ടൗണിൽ സാമൂഹികഅകലം പലപ്പോഴും പാലിക്കപ്പെടുന്നില്ല.