കാഞ്ഞിരപ്പള്ളി: ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം നടന്ന സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി പോലീസ്. പേട്ടക്കവലയിലുള്ള ലക്ഷ്മി ജ്വല്ലറിയുടെ പിൻവശത്തെ ഭിത്തിതുരന്നാണ് മോഷണം നടന്നത്.
നാലു പവൻ സ്വർണവും രണ്ടു കിലോ വെള്ളിയും മോഷണം പോയി. പ്രദർശനത്തിനുവച്ചിരുന്ന സ്വർണകമ്മലുകളും മോതിരങ്ങളും വെള്ളി പാദസ്വരങ്ങളും അരഞ്ഞാണവും ഉൾപ്പെടെ രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ടു സമീപ പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. സമാന രീതിയിൽ മറ്റിടങ്ങളിൽ നടന്ന മോഷണ സംഭവങ്ങളും പരിശോധിക്കുന്നുണ്ട്. മോഷണം നടന്നത് ഇന്നലെ രാവിലെയാണ് പുറംലോകമറിയുന്നത്.
ജ്വല്ലറി ഉടമ മഞ്ഞപ്പള്ളി പി.വി. സുരേഷ് കുമാർ രാവിലെ കട തുറന്നപ്പോഴാണു മോഷണം നടന്ന വിവരം അറിഞ്ഞത്.
കാഞ്ഞിരപ്പള്ളി പോലീസിനെ അറിയിച്ചതിനെ തുടർന്ന് എസ്എച്ച്ഒ ബിജുവും എസ്ഐ എൽദോ പോൾ, ജോർജ്കുട്ടി എന്നിവർ നടത്തിയ പരിശോധനയ്ക്കു ശേഷം അഡീഷണൽ എസ്പി സുനിൽ കുമാറും സ്ഥലത്തെത്തി.
ദിവസങ്ങളായി കടയും പരിസരങ്ങളും വിശദമായി മനസിലാക്കിയതിനു ശേഷമാണ് മോഷണം നടത്തിയിരിക്കുന്നത്. സമയമെടുത്ത് ഭിത്തി തുരന്ന് അകത്തു കയറിയ കള്ളൻ ലോക്കർ തുറക്കാനുള്ള ശ്രമവും നടത്തി.
കോട്ടയത്തുനിന്ന് ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും എത്തി പരിശോധന നടത്തി. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെത്തുടർന്നു വെള്ളിയാഴ്ച രാത്രിയിൽ കട അടച്ചതിനുശേഷം ഇന്നലെ രാവിലെയാണ് ഉടമ കട തുറന്നത്.
മോഷണം നടന്നിരിക്കുന്നത് ശനിയോ ഞായറോ ആയിരിക്കുമെന്നാണു പോലീസിന്റെ നിഗമനം.