കോട്ടയം: കഞ്ചാവ് ലഹരിയിൽ ഹോട്ടലിൽ അക്രമം നടത്തിയ യൂവാക്കളെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചു.
കടയിലെ സിസിടിവി ദൃശ്യങ്ങൾ നോക്കി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഈസ്റ്റ് പോലീസ് രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
ഇന്നലെ രാത്രി കഞ്ഞിക്കുഴിയിൽ നിന്നും ദേവലോകത്തേക്കുള്ള റോഡിൽ ദേവിന ഹോട്ടലിലാണ് ആക്രമണം നടന്നത്.
ഭക്ഷണം കഴിക്കാനായി എത്തിയ മൂന്നു യുവാക്കൾ ഹോട്ടലിലെ മുറിയിൽ കയറി നടത്തിയ പാട്ടും നൃത്തവും ബുദ്ധിമുട്ടായതോടെ ജീവനക്കാർ ചോദ്യം ചെയ്തു.
ഇതോടെ പ്രകോപിതരായ യുവാക്കൾ അക്രമം നടത്തുകയായിരുന്നു. സമീപ മുറിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ പ്ലെയിറ്റ് എടുത്തെറിഞ്ഞു.
അതിഥി തൊഴിലാളിയെ കൈയേറ്റം ചെയ്യുകയും ചെയ്തു. യൂവാക്കൾ കസേര ഉയർത്തി അക്രമിക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ ഒഴിഞ്ഞുമാറിയതിനാൽ പരിക്കേറ്റില്ല.
അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്്ടിച്ച ശേഷം രക്ഷപ്പെട്ട യുവാക്കൾ പിന്നീട് ഓട്ടോയിലെത്തി കടയിലേക്ക് ഹെൽമെറ്റ് വലിച്ചെറിഞ്ഞു.
ഹെൽമറ്റ് വലിച്ചെറിഞ്ഞപ്പോൾ ഹോട്ടലിന്റെ മുൻവശത്തെ ചില്ല് പൊട്ടി. ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ ലോഡ്ജിൽ നേരത്തെ താമസിച്ചിരുന്ന യൂവാക്കളാണ് അക്രമം നടത്തിയതെന്ന് ഹോട്ടലുടമ കാരാപ്പുഴ സ്വദേശി സുരേഷ് മൊഴി നൽകി.