ആലപ്പുഴ: ലോകം മുഴുവൻ കാൽപ്പന്തിന്റെ ആരവം ഉയരുമ്പോൾ കർഷക ഗ്രാമമായ കഞ്ഞിക്കുഴിയിലെ കർഷകരെയും ഒപ്പം ചേർത്ത് കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് പുതിയ പദ്ധതിയൊരുക്കുന്നു. ഖത്തർ ലോകകപ്പിന്റെ ആരവവും ആവേശവും ഉയർത്തി കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് ആകർഷകമായ പരിപാടിയിലൂടെയാണ് ശ്രദ്ധേയമാകുന്നത്.
കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ മുൻവശത്തു തയാറാക്കിയ പ്രത്യേക ഗോൾ പോസ്റ്റിലേക്ക് ഗോളുകൾ നിറയ്ക്കുന്ന ആളുകൾക്ക് സീറോ ബാലൻസിലൂടെ അക്കൗണ്ട് തുറക്കാമെന്ന പദ്ധതിയാണ് ബാങ്ക് തയാറാക്കിയിരിക്കുന്നത്.
കർഷകരാണ് ഏറിയ പങ്കും ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.പുതു തലമുറയെ സഹകരണ മേഖലയിലേക്ക് ആകർഷിക്കുകയാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രദേശത്ത് ഫുട്ബോൾ ക്ലബുകൾക്ക് ഫുട്ബോളുകൾ ചടങ്ങിൽ വിതരണം ചെയ്തു. ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്ത് ഫുട്ബോൾ വിതരണം നടത്തി.
പ്രഥമ കാർഷിക മിത്രം ജേതാവ് ടി.എസ്.വിശ്വൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് പ്രസിഡന്റ് എം. സന്തോഷ് കുമാർ സ്വാഗതവും ജി. ഉദയപ്പൻ നന്ദിയും പറഞ്ഞു.