കോട്ടയം: എംഎൽഎയും നഗരസഭ ചെയർപേഴ്സണും സെക്രട്ടറിയുമൊക്കെ നൽകിയ ഉറപ്പുകൾക്ക് യാതൊരു വിലയുമില്ല. കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് കാഞ്ഞിരം വഴി മുടങ്ങിയിട്ട് ഒന്നര വർഷം കഴിഞ്ഞു. ഇവരെയൊക്കെ വിശ്വസിച്ച ജനം വെറും കഴുത.
കോട്ടയം-ആലപ്പുഴ ജലഗതാഗത റൂട്ടിൽ കൊടൂരാറ്റിലെ ചുങ്കത്ത് മുപ്പത് പാലം തകരാറിലായ സമയത്ത് ബോട്ട് സർവീസ് പ്രതിസന്ധിയിലായി. അന്ന് ചുങ്കത്ത് മുപ്പത് പാലത്തിനടുത്ത് ബോട്ട്സർവീസ് സംബന്ധിച്ച് ഒരു തർക്കമുണ്ടായപ്പോൾ എംഎൽഎ നാട്ടുകാർക്കും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്കും ഉറപ്പു നല്കിയത് ഒരാഴ്ചയ്ക്കുള്ളിൽ ബോട്ട് സർവീസ് കാഞ്ഞിരം വഴി തുടരുമെന്നായിരുന്നു. അല്ലെങ്കിൽ ബദൽ സംവിധാനം ഒരുക്കുമെന്നും അദേഹം പറഞ്ഞു. പക്ഷേ നടന്നില്ല.
ചുങ്കത്ത് മുപ്പത് പാലം പണിയുടെ പേരിൽ ബോട്ട് സർവീസ് കാഞ്ഞിരം വഴി മുടങ്ങിയതോടെ കായൽപ്രദേശത്തുള്ളവർ കോടതിയെ സമീപിച്ചു. കോടതി ബന്ധപ്പെട്ടവരെ വിളിച്ചു. 2019 ജനുവരി ഒന്നിന് കാഞ്ഞിരം വഴി ബോട്ട് ഓടിക്കുമെന്നാണ് കോടതിയിൽ നഗരസഭ ചെയർപേഴ്സണും സെക്രട്ടറിയും ഉറപ്പു നല്കിയത്. ഇവരുടെ ഉറപ്പിനും വിലയില്ലതായി.
മാസങ്ങൾ കഴിഞ്ഞിട്ടും ബോട്ട് കാഞ്ഞിരം വഴി ഓടിയില്ല. ഇനിയിപ്പോൾ ജൂലൈ 10നകം ഓടിക്കുമെന്നാണ് പറയുന്നത്. വല്ലതും നടക്കുമോ എന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ചോദ്യം. ചുങ്കത്ത് മുപ്പത് പാലത്തിന്റെ അറ്റകുറ്റപ്പണിയായിരുന്നു ആദ്യം വിലങ്ങുതടി. അത് പൂർത്തിയാക്കി. പിന്നീട് ആറ്റിൽ ആഴക്കുറവായിരുന്നു. ആഴം വർധിപ്പിച്ച് അതും പരിഹരിച്ചു. ഇപ്പോഴിതാ ചെറിയൊരു പാലത്തിന്റെ തകരാർ. അതെന്നു തീരും.
കോട്ടയം -ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിച്ചാൽ വെറും 18 രൂപയ്ക്ക് മൂന്നു മണിക്കൂർ കായലും പാടശേഖരങ്ങളും കണ്ട് ആസ്വദിച്ച് ആലപ്പുഴയ്ക്കു പോകാം. കഴിഞ്ഞ സീസണിൽ ജലഗതാഗത വകുപ്പിന് ഏറെ വരുമാനമുണ്ടാകുമായിരുന്നു. ഇനിയിപ്പോൾ മണ്സൂണ് സീസണെങ്കിലും യാത്രക്കാർക്ക് ആസ്വദിക്കാനാവുമോ ആവോ.