കോട്ടയം: കാഞ്ഞിരം വഴിയുള്ള ആലപ്പുഴ ബോട്ട് സർവീസ് ഫെബ്രുവരി ഒന്നിന് പുനരാരംഭിക്കും. കൊടൂരാറിനു കുറുകെയുള്ള ചുങ്കത്ത് മുപ്പത് പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്നലെ പൂർത്തിയായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ലീഗൽ സർവീസ് സൊസൈറ്റി, കോട്ടയം നഗരസഭ എന്നിവരുടെ പ്രതിനിധികൾ ചുങ്കത്ത് മുപ്പത് പാലം സന്ദർശിച്ചു.
പാലം പണിയിൽ തൃപ്തി രേഖപ്പെടുത്തി. മറ്റു രണ്ടു ചെറിയ പാലങ്ങളുടെ അറ്റകുറ്റപ്പണികൾകൂടി പൂർത്തിയാക്കാനുണ്ട്. ഇതും കെൽ കന്പനിയെ ഏൽപിച്ചു. കാഞ്ഞിരത്തിനു സമീപവും പതിനാറിൽചിറയിലുമാണ് ചെറിയ പാലങ്ങളുടെ അറ്റകുറ്റപ്പണികൾ തീർക്കാനുള്ളത്. ഏതാനും ദിവസങ്ങൾക്കകം പണി പൂർത്തിയാക്കി ഫെബ്രുവരി ഒന്നിന് ബോട്ട് കാഞ്ഞിരം വഴി ആലപ്പുഴയ്ക്ക് പോകും.
വൈദ്യുതി ഇല്ലെങ്കിലും ഇനി ചുങ്കത്ത് മുപ്പത് പാലം ഉയർത്താം. അത്തരത്തിലുള്ള ക്രമീകരണങ്ങളും പാലത്തിൽ ഏർപ്പെടുത്തി. പാലം ഉയർത്തുന്പോഴും താഴ്ത്തുന്പോഴും ഓട്ടോമാറ്റിക് ആയി മോട്ടോർ ഓഫാകുന്ന ലിമിറ്റ് സ്വിച്ച് കൂടി ഘടിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്.
ഒന്നര വർഷത്തിനു ശേഷമാണ് കോട്ടയം-ആലപ്പുഴ ബോട്ട് കാഞ്ഞിരം വഴി പോകുന്നത്. കാഞ്ഞിരം സ്കൂളിൽ പഠിക്കുന്ന കായൽ മേഖലയിൽ നിന്നുള്ള വിദ്യാർഥികളെ ബോട്ട് സർവീസ് ഇല്ലാത്തത് ബാധിച്ചതോടെയാണ് പാലം നിർമാണത്തിന് വേഗത കൂടിയത്. കുട്ടികൾക്കു വേണ്ടി നാട്ടുകാർ ലീഗൽ സർവീസ് സൊസൈറ്റിയെ സമീപിച്ചു. കോടതി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി എത്രയും പെട്ടെന്ന് പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ നിർദേശിക്കുകയായിരുന്നു.