കാഞ്ഞിരമറ്റം: അരയൻകാവ്-കാഞ്ഞിരമറ്റം റോഡിലൂടെ യാത്ര ചെയ്യുകയാണെങ്കിൽ റോഡിൽ മാത്രമല്ല മുകളിലും ഒരു കണ്ണ് വേണം.
കാരണം മറ്റൊന്നുമല്ല വഴിയരികിൽ നിൽക്കുന്ന കൂറ്റൻ തണൽമരങ്ങളുടെ ചില്ലകൾ ഏതു സമയവും റോഡിലേക്ക് ഒടിഞ്ഞു വീഴുമെന്ന അവസ്ഥയാണ്. ചാലക്കപ്പാറയിൽ തൃപ്പക്കുടം ക്ഷേത്രത്തിനു സമീപം ഓടിക്കൊണ്ടിരുന്ന ലോറിയിലേക്ക് വൻ ശിഖരം ഒടിഞ്ഞു വീണ് ലോറിയുടെ ചില്ലു തകർന്നത് ഇന്നലെയാണ്.
കാഞ്ഞിരമറ്റം മുതൽ അരയൻകാവ് വരെ റോഡിന് ഇരുവശവും നിരവധി വൻമരങ്ങൾ തടി ഉണങ്ങിയും ചുവട് ഇളകിയും കൂറ്റൻ ശിഖരങ്ങൾ ഉണങ്ങിയും നിൽക്കുകയാണ്.
വൃക്ഷങ്ങൾ മുറിച്ചില്ലെങ്കിലും അപകടകരമായി റോഡിലേക്ക് ചരിഞ്ഞു കിടക്കുന്ന കൂറ്റൻ ശിഖരങ്ങളെങ്കിലും വെട്ടി നീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്.
അരയൻകാവ് മാർക്കറ്റിനകത്ത് സമീപത്തെ മൃഗാശുപത്രിക്കും മറ്റ് കെട്ടിടങ്ങൾക്കും ഭീഷണിയായി നിലനിന്നിരുന്ന വൃക്ഷങ്ങൾ അധികൃതർ വെട്ടി നീക്കിയിരുന്നു.
ചാലക്കപ്പാറയിലെ വൃക്ഷങ്ങളുയർത്തുന്ന ഭീഷണി ചൂണ്ടിക്കാട്ടി വ്യാപാരികൾ വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥർ വന്ന് നോക്കിപ്പോയെങ്കിലും നടപടികൾ ഒന്നും തന്നെ ഇതുവരെയില്ല എന്നു പറയുന്നു.