കാഞ്ഞിരപ്പള്ളി: കംഫർട്ട് സ്റ്റേഷൻ വിഷയത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും കരാറുകാരനുമായി ഒത്തുകളിക്കുന്നുവെന്ന് ആരോപണം. ബസ്സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ഭരണസമിതിയിലെയും പ്രതിപക്ഷത്തെയും ചില അംഗങ്ങളുമായി കരാറുകാരനു ബന്ധമുണ്ടെന്നും ഇക്കാരണത്താലാണ് കംഫർട്ട് സ്റ്റേഷൻ തുറന്നു നൽകാത്തതുമെന്നാണ് ഇതിനിടെ ആരോപണമുയർന്നിരിക്കുന്നത്. പഞ്ചായത്തിലെ പല പ്രവൃത്തികളും കംഫർട്ട് സ്റ്റേഷൻ കരാറുകാരനാണ് ഏറ്റെടുത്ത് നടത്തുന്നതെന്നും ഇത്തരത്തിൽ അംഗങ്ങൾക്ക് കൈമടക്ക് ലഭിക്കുന്നതിനാലാണ് ഭരണപ്രതിപക്ഷ ഭേദമെന്യേ ആരും ഇക്കാര്യത്തിൽ ശബ്ദമുയർത്താത്തതെന്നുമാണ് നാട്ടുകാരുടെ ആരോപണം.
കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം നിലച്ചതോടെ സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ ബുദ്ധിമുട്ടിലാണ്. മലമൂത്രവിസർജനം നടത്തണമെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളെയോ ഹോട്ടലുകളെയോ ആശ്രയിക്കേ ഗതികേടിലാണ്. കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം അടിയന്തരമായി പുനരാരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിക്കാണ് ഉത്തരവ് നല്കിയത്. നടപടി സ്വീകരിച്ച ശേഷം ജനുവരി 18ന് കോട്ടയത്ത് നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് ഹാജരാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. വെച്ചൂച്ചിറ സ്വദേശി സി.ടി. ധനപാലൻ നല്കിയ പരാതിയിലാണു നടപടി. എന്നാൽ, തനിക്ക് ഇതേവരെ ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറി പറയുന്നു.
സെപ്റ്റിക് ടാങ്ക് നിർമിച്ചതിലെ അപാകത മൂലം മലിനജലം ബസ് സ്റ്റാൻഡിലേക്ക് ഒഴുകാൻ സാഹചര്യമുണ്ടായെന്നും അതിനാലാണ് കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവച്ചതെന്നും പഞ്ചായത്ത് മുന്പ്് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി കംഫർട്ട് സ്റ്റേഷന്റെ സെപ്റ്റിക് ടാങ്ക് നിർമിക്കാൻ സ്ഥലം ഒഴിച്ചിട്ടിരുന്നെങ്കിലും കരാറുകാരൻ നിർമിച്ചിരുന്നില്ല. പിന്നീട് സമ്മർദങ്ങളെത്തുടർന്ന് സെപ്റ്റിക് ടാങ്ക് നിർമിച്ചു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകാൻ കരാറുകാരൻ തയാറായില്ല.
ബിഒടി അടിസ്ഥാനത്തിലാണ് കംഫർട്ട് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. എന്നാൽ, പഞ്ചായത്തുമായുണ്ടാക്കിയ കരാർ ലംഘിക്കുന്നപക്ഷം കംഫർട്ട് സ്റ്റേഷൻ ഏറ്റെടുക്കാൻ വ്യവസ്ഥകൾ ഉണ്ടെന്നിരിക്കെ ഇതിനൊന്നും അധികൃതർ മുതിരാത്തതാണ് കരാറുകാരനുമായി ഭരണ, പ്രതിപക്ഷത്തെ അംഗങ്ങൾക്ക് കരാറുകാരനുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണം ശക്തമാക്കിയിരിക്കുന്നത്.