കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ സ്മാർട്ടക്കുമെന്നാണ് ഡിജിപിയുടെ പുതിയ പ്രസ്താവന. പക്ഷേ കാഞ്ഞിരപ്പള്ളിയിലെ പോലീസുകാർക്ക് ഈ പ്രസ്താവന കൊണ്ട് എന്ത് പ്രയോജനം.
സ്റ്റേഷൻ പ്രവർത്തനം നടക്കുന്നത് റവന്യു വകുപ്പിന്റെ കൈവശമുള്ള കെട്ടിടത്തിലാണ്. പോലീസ് സ്റ്റേഷൻ മാത്രമല്ല, കാഞ്ഞിരപ്പള്ളിയിലെ സിഐയുടെ ഓഫീസിനും ഇതു തന്നെയാണ് അവസ്ഥ. വർഷങ്ങളായുളള ആവശ്യമാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് സ്വന്തമായി ഒരുകെട്ടിടം. എന്നാൽ, മാറി, മാറി വരുന്ന സർക്കാരുകൾ ഇത് അവഗണിക്കുകയാണ്.
മുന്പ് ദേശീയ പാതയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പെൺ പള്ളിക്കൂടത്തിലാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടത്തിൽ പോലീസുകാർ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് പോലീസ് സ്റ്റേഷന്റെ സീലിംഗ് എസ്ഐയുടെ മുകളിലേക്ക് അടർന്ന് വീണത്. എന്നാൽ, അന്നുണ്ടായിരുന്ന എസ്ഐ മനോജ് കുമാർ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
പ്രതികളെ ശബ്ദം ഉയർത്തി ചോദ്യം ചെയ്താൽ മേൽക്കൂര തകർന്നു വീഴുമെന്നാണ് പോലീസുകാരും പരിഹാസപൂർവം പറയുന്നത്. സീലിംഗ് അടർന്ന് വീണത് പോലീസുകാർക്ക് പ്രയോജനകരമായി. പത്രമാധ്യമങ്ങളിലുടെ സംഭവം പുറത്താകുകയും ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത് എത്തി. പോലീസ് സ്റ്റേഷൻ വേറെ പഞ്ചായത്തിലേക്ക് പോകുമെന്നായപ്പോൾ കാഞ്ഞിരപ്പള്ളിക്കാർക്ക് സംഭവത്തിന്റെ ഗൗരവം മനസിലാക്കി.
ഇതിനിടെ കാഞ്ഞിരപ്പള്ളിയിൽ മിനി സിവിൽ സ്റ്റേഷന്റെ നിർമാണം പൂർത്തിയാകുകയും താലൂക്ക് ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറുകയും ചെയ്തു. ഇതോടെ പോലീസ് സ്റ്റേഷൻ താലൂക്ക് ഓഫിസിലേക്ക് മാറ്റി. എന്നിട്ടും സ്റ്റേഷന്റെ ഗതികേട് മാറിയില്ല.
മഴയത്ത് സ്റ്റേഷൻ ചോർന്നൊലിക്കുന്നതും പോലീസുകാർക്ക് പാരയായി. ഒന്നിലധികം പ്രതികളെ പിടിച്ചാൽ പോലീസിന് പുലിവാലാകും. സ്റ്റേഷനിലെ മേശക്കാലിലും മറ്റുമാണ് പ്രതികളെ ബന്ധിക്കുന്നത്. അല്ലെങ്കിൽ സെല്ലുകൾ ഉള്ള സ്റ്റേഷനുകളിലേക്ക് മാറ്റുകയാണ് പതിവ്.
കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ 49 പോലീസുകാരാണ് വേണ്ടത്. എന്നാൽ എസ്ഐയും സിഐയും ഉൾപ്പെടെ 38 പേരാണിവിടെയുള്ളത്. വനിത പോലീസുകാരിൽ മാത്രമാണ് കുറവില്ലാത്തത്. നാലുപേർ വേണ്ടിടത്ത് നാലുപേരും ഉണ്ട്.
ഒരു എസ്ഐ, എഎസ്ഐമാർ മൂന്ന് സിവിൽ പോലീസുകാർ, സിവിൽ പോലീസുകാർ എന്നിവരുടെ കുറവ് കാഞ്ഞിരപ്പള്ളിയിൽ നികത്താനുണ്ട്. ചില സമയങ്ങളിൽ ഇരട്ടി ജോലി ചെയ്യേണ്ടി വരുന്നതായും പോലീസുകാർ പറയുന്നു.
ഇതിനിടെ ഡോ. എൻ. ജയരാജ് എംഎൽഎയുടെ ശ്രമഫലമായി റവന്യു ഭൂമിയിൽ പോലീസിനായി പുതിയ കെട്ടിടം നിർമിക്കാനായി ശ്രമം നടത്തി. 1.80 കോടി രൂപയുടെ എസ്റ്റിമേറ്റും സമർപ്പിച്ചു. ഈ വർഷം തന്നെ നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഡിജിപിക്കായിരുന്നു പ്രോജക്ട് സമർപ്പിച്ചത്. എസ്ഐ, സിഐ, ഡിവൈഎസ്പി എന്നീ ഓഫീസുകൾ പ്രവർത്തിക്കുന്നതിനാണ് പുതിയ കെട്ടിടത്തിന്റെ പ്ലാൻ. പോലീസ് കൺസ്ട്രക്ഷൻ കോപ്പറേഷനാണ് കെട്ടിട നിർമാണത്തിന്റെ ചുമതല.