കാഞ്ഞിരപ്പള്ളി: സീറ്റ്ബെൽറ്റ്, ഹെൽമറ്റ് വേട്ടയുമായി പോലീസ് നിരത്തിലിറങ്ങുന്പോൾ മോഷ്ടാക്കൾ വീടുകളിലെത്തി ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. നൂറുകണക്കിന് അന്യ സംസ്ഥാന മോഷ്ടാക്കളാണ് താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ തന്പടിച്ചിരിക്കുന്നത്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് മോഷണത്തിനായെത്തുന്നത്. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിൽ നിന്നുമുള്ള സംഘമാണ് എത്തിയിട്ടുള്ളത്.
ഉത്സവ സ്ഥലങ്ങളും ബസുകൾ കേന്ദ്രീകരിച്ചുമാണ് ഇവരുടെ മോഷണം. സംഘം ചേർന്ന് മോഷണത്തിന് ഇറങ്ങുകയും മോഷണ വസ്തുക്കൾ മിനിറ്റുകൾക്കുള്ളിൽ കൈമാറുന്നതും മൂലം ഇവരെ പിടികൂടാൻ കഴിയുന്നില്ല.
ബസുകളിൽ കൃത്രിമ തിരക്കുകൾ ഉണ്ടാക്കി മോഷണം നടത്തുകയാണ് ഇവരുടെ രീതി. പിടികൂടി ചോദ്യം ചെയ്താൽ സംഘത്തിൽ കുട്ടികളടക്കം ഒന്നിലധികം പേരുണ്ടാകും.
ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചാൽ ദിവസങ്ങൾക്കുള്ളിൽ ഇവർ ജാമ്യം നേടി പുറത്തിറങ്ങും. ഇവരെ ജ്യാമിത്തിലിറക്കാൻ പതിവ് അഭിഭാഷകരും ഉണ്ടാകും. വീടുകൾ വാടകയ്ക്കെടുത്താണ് ഇവർ താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ തന്പടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തിവന്ന രണ്ട് സ്ത്രീകൾ തമ്മിൽ സംഘർഷം ഉണ്ടാകുകയും നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇവരെ വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഭിക്ഷാടക സംഘങ്ങൾ വാടകയ്ക്ക് താമസിച്ചു വരുന്ന വിവരം പോലീസിന് ലഭിക്കുന്നത്.
ഇത്തരത്തിൽ നിരവധി ആളുകളാണ് പാറക്കടവിൽ വാടകയ്ക്ക് താമസിക്കുന്നത്. എന്നാൽ, താമസ സ്ഥലത്ത് ഇവർ പ്രശ്നക്കാരല്ല. പകൽസമയങ്ങളിൽ വീടുകളിൽ കാണുന്ന പുരുഷന്മാർ രാത്രിയിൽ മോഷണം നടത്തുകയാണ് പതിവ്.
ആളൊഴിഞ്ഞ വീടുകളും സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടുകളുമാണ് മോഷണത്തിനായി ഇവർ തെരഞ്ഞെടുക്കുന്നത്. പകൽ സമയങ്ങളിൽ ഭിക്ഷാടനവുമായി സ്ത്രീകൾ ഇത്തരത്തിലുള്ള വീടുകളിലെത്തി പരിസരം വീക്ഷിച്ച് മനസിലാക്കും.
ഇവരുടെ നിർദേശപ്രകരമാണ് പുരുഷന്മാർ ഈ വീടുകളിലെത്തി മോഷണം നടത്തുന്നത്. പോലീസ് നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്നും ഇവരുടെ താമസ സ്ഥലവും വീടുകൾ വാടകയ്ക്ക് നൽകിയിരിക്കുന്നവരുടെ പശ്ചാത്തലം അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.