കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്നു പിഡീപ്പിച്ചശേഷം ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കും എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിക്കുന്ന യുവതിയെ ഉടൻ തന്നെ സാമൂഹിക നിതീ വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറും. സാമൂഹിക നിതീ വകുപ്പ് ഉദ്യോഗസ്ഥർ പെണ്‍കുട്ടിയോട് സംസാരിക്കുകയും ഇക്കാര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കുകയും ചെയ്യും.
സംഭവം വിവാദമായതോടെ യുവതിയോട് കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശില്പ സംസാരിക്കുകയും വനിതാ സെൽ ഉദ്യോഗസ്ഥർ എത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ഇതിനു പുറമെ ഇവർക്കു സഹായത്തിനായി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും വനിത സിവിൽ പോലീസ് ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
യുവതിയുടെ പ്ലസ്ടു പഠന കാലത്ത് രജിസ്റ്റർ ചെയ്ത് ഒഴിവായ പീഡനക്കേസ് വീണ്ടും രജിസ്റ്റർ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.അച്ഛനും അമ്മയും ചെറുപ്പത്തിലേ ഉപേക്ഷിച്ച് പോയതിനാൽ പെണ്‍കുട്ടി കോട്ടയത്തെ ഒരു കേന്ദ്രത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
പ്ലസ്ടു വിനു പഠിക്കുന്പോഴാണ് ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടായത്. പ്രണയം നടിച്ച് എത്തിയ സഹപാഠികൂടിയായ ആണ്‍കുട്ടി ഇവരെ ശാരീരികമായി പിഡിപ്പിക്കുകയും തുടർന്ന് ഉപേക്ഷിക്കുകയും ചെയ്തു.
എന്നാൽ കേസ് നല്‍കിയതോടെ ബലാത്സംഗത്തിന് കേസായപ്പോൾ പ്രശ്നങ്ങൾ ഭയന്ന് ഇയാൾ യുവതിയെ വിവാഹം കഴിക്കാമെന്നായി. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
ആറുമാസം കഴിഞ്ഞ് കേസുകളിൽ നിന്നൊക്കെ രക്ഷപ്പെടുമെന്ന് ഉറപ്പായതോടെ ഭർത്താവും വീട്ടുകാരും ചേർന്നു യുവതിയെ വീട്ടിൽ നിന്നും പുറത്താക്കി.
തുടർന്ന് പോലീസിനെ സമീപിച്ച യുവതി വീട്ടിൽ തനിക്ക് നേരിട്ട പീഡനത്തെക്കുറിച്ചും മൊഴിനൽകി. ഗാർഹിക- സ്ത്രീധന പീഡനങ്ങൾക്ക് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കേസിൽ യുവതിക്കു അനുകൂലമായി വിധി പറഞ്ഞ കോടതി യുവതിയെ ഭർതൃവീട്ടുകാർ സംരക്ഷിക്കണമെന്നും ചെലവ് നോക്കണമെന്നും ഉത്തരവിട്ടു. പക്ഷേ കോടതി വിധി ഉണ്ടായിട്ടും വീട്ടുകാർ യുവതിയെ വീട്ടിൽ പ്രവേശിപ്പിച്ചില്ല.
സംഭവം വിവാദമായതോടെ വനിതാ കമ്മിഷനും ഇടപെട്ടു. സംഭവത്തിന്റെ നിജസ്ഥിതിസംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർക്കും കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.