കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ ഓർമയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇന്നലെയുണ്ടായത്.
കനത്ത മഴയെ തുടർന്നു ചിറ്റാർപുഴയിൽ വെള്ളം ഉയരാറുണ്ടെങ്കിലും ഇതുവരെ കാഞ്ഞിരപ്പള്ളി ടൗണിൽ വെള്ളം കയറിയ ചരിത്രം ഓർമയിലില്ലെന്ന് പഴമക്കാർ പറയുന്നു.
രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നെങ്കിലും രാവിലെ 11നാണ് ടൗണിൽ വെള്ളം കയറിത്തുടങ്ങിയത്.
പിന്നീട് മിനിറ്റുകൾകൊണ്ട് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് ജംഗ്ഷനും കുരിശുങ്കൽ ജംഗ്ഷനും വെള്ളത്തിനടിയിലായി.
ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഹോട്ടലിനു സമീപത്തെ തുറസായ ഭാഗത്തുകൂടിയാണ് ബസ് സ്റ്റാൻഡ് ജംഗ്ഷനിലേക്ക് വെള്ളം കയറിയത്.
പിന്നീട് ഇവിടം മുതൽ മിനി സിവിൽസ്റ്റേഷനു സമീപത്തെ പെട്രോൾ പന്പുവരെ നാലടിയോളം ഉയരത്തിൽ വെള്ളം പൊങ്ങി.
പെട്ടെന്ന് വെള്ളം പൊങ്ങിയതിനാൽ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ മാറ്റാൻ സാധിക്കാതെ നിരവധി വ്യാപാരികൾക്ക് വൻനഷ്ടമാണ് ഉണ്ടായത്.
ചിറ്റാർപുഴ കര കവിഞ്ഞ് കാഞ്ഞിരപ്പള്ളി – മണിമല റോഡിലേക്ക് വെള്ളം കയറിയതോടെ കുരിശുങ്കൽ ജംഗ്ഷനും മണിമല റോഡും വെള്ളത്തിനടിയിലായി.
കുരിശുങ്കൽ ജംഗ്ഷനിലെ ടാക്സി സ്റ്റാൻഡിൽ പാർക്കു ചെയ്തിരുന്ന വാഹനങ്ങൾ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് തള്ളിനീക്കി ഉയർന്ന സ്ഥലത്തേക്ക് മാറ്റി.
ബസ് സ്റ്റാൻഡ് ജംഗ്ഷനിലും കുരിശുങ്കൽ ജംഗ്ഷനിലും വെള്ളം കയറിയതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു.
കുരിശുങ്കലിനും ബസ് സ്റ്റാൻഡിനും ഇടയിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു.
ഉച്ചകഴിഞ്ഞു മൂന്നോടെയെത്തിയ ഫയർഫോഴ്സ് സംഘം റോഡിൽ കുടുങ്ങിക്കിടന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കരയ്ക്കെത്തിച്ചു.രാവിലെ 11നു കയറിയ വെള്ളം വൈകുന്നേരത്തോടെയാണ് ഇറങ്ങിത്തുടങ്ങിയത്.
കഴിഞ്ഞ രണ്ടു മഹാപ്രളയങ്ങളെയും അതിജീവിച്ചെങ്കിലും ഇന്നലെ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിന്റെ ഭീതിയിലായി കാഞ്ഞിരപ്പള്ളിക്കാർ.