പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും ആശുപത്രിയിൽ ബഹളം വയ്ക്കുകയും ചെയ്ത കേസിൽ ആംബുലൻസിലെ നഴ്സിംഗ് ഡ്യൂട്ടിക്കാരനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു.
ചെങ്ങളം ഈസ്റ്റ് ആനിക്കാട് വടക്കുംഭാഗം കാഞ്ഞിരമറ്റം തോലാനിക്കൽ ജോബി ജോസഫി (43)നെയാണ് അറസ്റ്റ് ചെയ്തത്.ഇയാൾ 25ന് രാത്രി ഡ്യൂട്ടി ഡോക്ടറോട് കയർക്കുകയും രോഗികളെ ചികിത്സിക്കുന്നത് തടസപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി.
രാത്രി 11ന് അസുഖം കൂടുതലായ രോഗിയെ മെഡിക്കൽ കോളജിലേക്ക് ജോബി ഡ്യൂട്ടിയിലുണ്ടായിരുന്ന ആംബുലൻസിൽ കൊണ്ടുപോകുവാൻ ഡോക്ടർ ആവശ്യപ്പെട്ടപ്പോഴാണ് പ്രശ്നമുണ്ടായത്.
പൊൻകുന്നം എസ്എച്ച്ഒ ടി. ദിലീഷ്, എസ്ഐ അജി പി. ഏലിയാസ്, എഎസ്ഐ ഷീനാ മാത്യു, സിപിഒ സബീർ മുഹമ്മദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.